government advocates-pinaray vijayan

pinaray vijayan

കൊച്ചി: ഉത്തരവാദിത്വം നിറവേറ്റാത്ത സര്‍ക്കാര്‍ അഭിഭാഷകരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സര്‍ക്കാരിന്റെ നിയമ ഓഫീസര്‍മാരായി നിയമിച്ചിരിക്കുന്ന അഭിഭാഷകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിശ്ചിത ഇടവേളകളില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് നടപ്പാക്കും.

സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ തെറ്റുകളും കുറവുകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്തണം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിജയകരമാക്കുന്നതിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രതിഛായ മെച്ചപ്പെടുത്തുന്നതിലും അഭിഭാഷകരുടെ പങ്ക് സുപ്രധാനമാണ്. അവരുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വീഴ്ച്ച സര്‍ക്കാരിന്റെ വീഴ്ച്ചയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കേസുകളുടെ ഫലപ്രദമായ നടത്തിപ്പില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കാലതാമസമില്ലാതെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.

കേസിലെ ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നതിനും വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതിനും വിവരങ്ങള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഇതിലെവിടെയെങ്കിലും കാലതാമസമോ അലസതയോ ഉണ്ടാകുന്നത് ഗുരുതരമായ കൃത്യവിലോപമാകും.

വകുപ്പുകളും ഉദ്യോഗസ്ഥരും വരുത്തുന്ന വീഴ്ച്ചകള്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനത്തെ ബാധിക്കം. തക്കസമയത്ത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ഇതിന് പരിഹാരം കാണാനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ ഭൂമിയും സമ്പത്തും അനധികൃതമായി തട്ടിയെടുക്കുന്നതിനുള്ള കേസുകളുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ അഭിഭാഷകരെ പറ്റി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

അതിന് വഴിവെക്കാത്ത രീതിയില്‍ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

കോടതിലയലക്ഷ്യ കേസുകള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും പിണയായി വിജയന്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നടന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Top