അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു; മാത്യു കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. താനൊരാള്‍ മാത്രം വിചാരിച്ചാല്‍ സംസ്ഥാനത്ത് അഴിമതി ഇല്ലാതാവില്ല. സംസ്ഥാനത്തു നടക്കുന്ന അഴിമതി മറച്ചു പിടിക്കുന്നതിന് സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. മാസപ്പടി വിഷയം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പല വിവരങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്നില്ല. എംഎല്‍എ എന്ന നിലയില്‍ നല്‍കിയ കത്തുകള്‍ക്ക് പോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായക കാര്യങ്ങളില്‍ മറുപടി നല്‍കാത്തത് മാസപ്പടി മുഖ്യമന്ത്രിയിലെത്തുമെന്ന ഭയം മൂലമാണ്. വിജിലന്‍സ് വകുപ്പില്‍ നിന്ന് വിചാരണക്ക് അനുമതി ചോദിച്ച് എത്ര കേസുകള്‍ വന്നുവെന്നും അതില്‍ എത്രയെണ്ണത്തിന് അനുമതി നല്‍കിയെന്നും ചോദ്യത്തിന് മറുപടി നല്‍കിയില്ല. സെപ്തംബര്‍ 21 നാണ് അപേക്ഷ നല്‍കിയത്. വിജിലന്‍സ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.

റബ്‌കോയില്‍ നടന്നത് സിപിഎം നേതൃത്വത്തിന്റെ വലിയ അഴിമതിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 2019 ല്‍ 238 കോടി രൂപയാണ് സര്‍ക്കാര്‍ റബ്‌ക്കോയ്ക്ക് നല്‍കിയത്. 11 തവണയായി പലിശ സഹിതം തിരിച്ച് അടയ്ക്കണം എന്നായിരുന്നു ധാരണ. എന്നാല്‍ പണം തിരിച്ചടച്ചില്ല. റബ്‌ക്കോയ്‌ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. വരും നാളുകളില്‍ ഈ പണം എഴുതിത്തള്ളനാണ് നീക്കം എന്നും അദ്ദേഹം അറിയിച്ചു.

Top