ഐപിഎല്‍ യുഎഇയിലേക്ക് മാറ്റാന്‍ ഗവേണിംഗ് കൗണ്‍സിന്റെ നിർദേശം

മുംബൈ: അല്‍പസമയം മുമ്പാണ് ഈ സീസണിലെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. വിവിധ ടീമുകളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ന് ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിങ് കോച്ച് എല്‍ ബാലാജി, സിഇഒ കാശി വിശ്വനാഥന്‍, എന്നിവര്‍ക്ക് പോസിറ്റീവായിരുന്നു. ഇതോടെ താരങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിനിടെ ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈകൊണ്ട്. യുഎഇയും അനുകൂല നിലപാടാണ് തീരുമാനത്തോട് സ്വീകരിച്ചത്. ഇക്കാര്യം ബിസിസിഐയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബിസിസിഐ അവഗണിക്കുകയായിരുന്നു.

ബിസിസിഐ നിര്‍ദേശം ലഭിച്ചാലുടന്‍ ഇതിനു വേണ്ട ഒരുക്കങ്ങള്‍ തുടങ്ങാനായിരുന്നു യുഎഇയുടെ തീരുമാനം. കഴിഞ്ഞ സീസണ്‍ യുഎഇയില്‍ ഷാര്‍ജ, അബുദാബി, അബുദാബി വേദികളിലാണ് നടന്നത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനം ഭംഗിയായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബിസിസിഐ. ഐപിഎല്ലും പൂര്‍ത്തിയാക്കാമെന്ന് കണക്കുകൂട്ടി. എന്നാല്‍ ഐപിഎല്‍ തുടങ്ങി ദിവസങ്ങള്‍ക്കകം കൊവിഡ് കേസുകളുടെ എണ്ണവും വര്‍ധിച്ചു.

 

Top