ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കം

p.-sadhasivam

തിരുവനന്തപുരം: പതിനാലാമത് കേരള നിയമസഭയുടെ സമ്മേളനത്തിനു തുടക്കമായി. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത് മലയാളത്തിലാണ്.

2019-20 വര്‍ഷത്തെ ബജറ്റ് 31നായിരിക്കും അവതരിപ്പിക്കുക. ഒന്‍പത് ദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നീക്കിവെച്ചു. ഫെബ്രുവരി ഏഴിനായിരിക്കും സഭ അവസാനിക്കുക.

ശബരിമലയില്‍ സ്ത്രീപ്രവേശം ഉറപ്പാക്കുന്നതിന് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ലിംഗനീതിയില്‍ അടിയുറച്ച് വിശ്വസിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും നവോത്ഥാന സംഘടനകളുടെ സഹായത്തോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതില്‍ വന്‍ വിജയമായിരുന്നെന്നും നവോത്ഥാനമൂല്യങ്ങള്‍ വരും തലമുറയ്ക്കും മനസ്സിലാക്കാന്‍ ഒരു നവോത്ഥാനമ്യൂസിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും ഗവര്‍ണര്‍ സമ്മേളനത്തില്‍ പറഞ്ഞു.

കേരളം ഇപ്പോഴും മാനവവിഭവശേഷി വികസനസൂചികകളില്‍ മുന്നിലാണ്. ഏറ്റവും പുതിയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം വര്‍ഗീയകലാപങ്ങള്‍ നടക്കാത്ത ഏകസംസ്ഥാനം കേരളമാണ്. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ പരമാവധി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. പ്രളയക്കെടുതിയ്ക്കിടയിലും നല്‍കിയ വാഗ്ദാനങ്ങള്‍ പരമാവധി പാലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കേരളത്തിന്റെ 100 വര്‍ഷത്തിന്റെ ചരിത്രത്തില്‍ ഇത്ര വലിയ പ്രളയമുണ്ടായിട്ടില്ല, ഗവര്‍ണര്‍ വ്യക്തമാക്കി.

Top