തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ

ഹൈദരാബാദ്: തമിഴ്നാടിനും കേരളത്തിനും പിന്നാലെ തെലങ്കാനയിലും ഗവർണറും സംസ്ഥാന സർക്കാരും നേർക്കുനേർ. റിപ്പബ്ലിക് ദിനപരിപാടിയിലെ തന്റെ പ്രസംഗത്തിന്റെ പകർപ്പ് നേരത്തേ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഗവർണർ തമിഴിസൈ സൗന്ദർരാജൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് കത്തയച്ചു. എന്നാലിതിന് സംസ്ഥാന സർക്കാർ ഇതുവരെ ഇതിന് മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി റിപ്പബ്ലിക് ദിനത്തിൽ വലിയ പരിപാടി നടത്താൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവനിലായിരുന്നു കഴിഞ്ഞ വർഷം പതാക ഉയർത്തൽ. ഇതിൽ പങ്കെടുക്കാതെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ രാജ്ഭവനിൽ പതാക ഉയർത്തി. തെലങ്കാനയിൽ റിപ്പബ്ലിക് ദിനപരേഡ് സാധാരണ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിലാണ് നടക്കാറ്. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവർണർ പതാക ഉയർത്തും.

ഇത്തവണ പരേഡ് ഗ്രൗണ്ട്‍സിൽ പരിപാടി സംഘടിപ്പിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് പോലും വിവരം ലഭിക്കാതിരുന്നതിനാലാണ് ഇത്തരമൊരു കത്തെഴുതിയതെന്നാണ് രാജ്‍ഭവൻ വ്യക്തമാക്കുന്നത്. ബുധനാഴ്ച ഖമ്മത്ത് ബിആർഎസ് നടത്തിയ മെഗാറാലിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഗവർണർമാർക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്.

Top