സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും; ചാൻസലർ പദവി ഒഴിയില്ല: ഗവർണർ

തിരുവനന്തപുരം: ചാൻസലർ പദവിയിൽ നിന്നും ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലങ്ങളായി ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ. ഗവർണറുടെ ചാൻസലർ പദവി ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ്. സർവകലാശാലകളിൽ സ്വയംഭരണം ഉറപ്പാക്കാനാണ് ഗവർണറെ ചാൻസലർ ആക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങളൊന്നുമില്ല. സർവകലാശാലകളിൽ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയെ തടയുന്നത് നിയമവിരുദ്ധവും കുറ്റകരവുമാണ്. സർവകലാശാലകളിൽ സർക്കാർ ഇടപെടൽ അനുവദിക്കാനാവില്ല. സർവകലാശാലകളിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗവർണർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. കോർപ്പറേഷനുകളിലും അനധികൃത നിയമനങ്ങൾ നടത്താൻ ശ്രമം നടക്കുന്നു. ഇത് മുഖ്യമന്ത്രി അറിയുന്നില്ലെങ്കിലും കുറ്റകരമാണ്.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതല്ല. മുതിർന്ന മാധ്യമപ്രവർത്തകൻ ഹരി എസ് കർത്തയെ നിയമിച്ചതിനെയും ഗവർണർ ന്യായീകരിച്ചു. തന്റെ പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിക്കുണ്ട്. നയപ്രഖ്യാപനത്തിൽ നിന്ന് മാറ്റി നിർത്തുന്നത് കാര്യമാക്കുന്നില്ല. എത്രനാൾ നയപ്രഖ്യാപനം നീട്ടിവെക്കാനാകുമെന്നും ഗവർണർ ചോദിച്ചു.

Top