ഗൗരി നേഹയുടെ മരണം; അധ്യാപകര്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്

gauri

കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ സംരക്ഷിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്ത്. അധ്യാപകരുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്‌മെന്റ് ശമ്പളം നല്‍കിയാണ് സ്‌കൂള്‍ അധികൃതര്‍ പിന്തുണ നല്‍കിയത്. ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി നേഹ മരിച്ച സഭവത്തിലാണ് സ്‌കൂളിലെ രണ്ട് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്‌മെന്റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്. അധ്യാപികമാരെ സംരക്ഷിക്കേണ്ട ചുമതല സ്‌കൂള്‍ അധികൃതര്‍ക്കുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു. എന്നാല്‍, അധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം,ഗൗരിയുടെ മരണം കൊലപാതകമാണെന്ന് അച്ഛന്‍ ആര്‍. പ്രസന്നകുമാര്‍ ആരോപിച്ചു. ഗൗരിയുടെ തലയ്ക്ക് ആദ്യം പരിക്കേറ്റെന്നും പിന്നീടാണ് നിലത്ത് വീണതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂളിന്റെ എല്ലാ ഭാഗത്തും സി.സി ടി വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഗൗരി നിലത്ത് വീഴുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസ് ശേഖരിച്ചത്.

ഗൗരിയുടെ ക്ലാസ് ടീച്ചറായിരുന്ന ക്രസന്റ് നെവിസ് വീട്ടില്‍ നടത്തിയിരുന്ന ട്യൂഷന്‍ ക്ലാസില്‍ ഗൗരി പോയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തില്‍ ഗൗരിയെ കാരണങ്ങളുണ്ടാക്കി ശിക്ഷിച്ചിരുന്നു. ഗൗരിയുടെ അനുജത്തി മീര ക്ലാസ് ടീച്ചറായ സിന്ധുപോളിനെ കുറിച്ചും പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി അനാവശ്യമായി കുട്ടികളെ പീഡിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു.

പിന്നീട് മീരയെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് സിന്ധുപോള്‍ ഇരുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗൗരി ഇടപെട്ടു എന്നാരോപിച്ചാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ സിന്ധുപോളും ക്രസന്റ് നെവിസും ചേര്‍ന്ന് വിളിച്ചുകൊണ്ട് പോയത്. ഇതിന് ശേഷം 30 മിനിട്ടോളം മൂന്ന് പേരെയും ആരും കണ്ടിട്ടില്ല. ഇവരുടെ സി.സി ടിവി ദൃശ്യങ്ങളും ലഭ്യമല്ലെന്ന്‌ അച്ഛന്‍ അറിയിച്ചു.

Top