ഗൗരിനേഘയുടെ മരണം ; കേസിലെ പ്രതികളെ സ്വീകരിച്ച പ്രിന്‍സിപ്പാളിനെതിരെ നടപടി

gourineha

കൊല്ലം: ഗൗരിനേഘയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സ്വീകരിച്ചതിനെതിരെ കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോണിനോട് വിരമിക്കുന്നത് വരെ അവധിയില്‍ പോകാനാണ് മാനേജ്‌മെന്റ് നിര്‍ദേശം.

അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജിമെന്റ് അറിയിച്ചു. ഇനി ഒന്നര മാസം കൂടിയാണ് പ്രിന്‍സിപ്പലിന് സേവന കാലാവധിയുള്ളത്. ഈ സമയത്താണ് ഇത്തരത്തിലൊരു നിര്‍ദേശം

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിനേഹ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് കത്തു നല്‍കിയിരുന്നു. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയ സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഹയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിട്ടും മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരികെ സ്‌കൂളില്‍ പ്രവേശിപ്പിച്ചതും, അവര്‍ക്ക് അവധിക്കാലാടിസ്ഥാനത്തില്‍ ശമ്പളം നല്‍കിയതും സമൂഹ മനസ്സാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും കത്തില്‍ പറയുന്നു.

കേക്ക് മുറിച്ചുള്ള ആഘോഷങ്ങള്‍ക്കും എല്ലാവിധ ആനുകൂല്യങ്ങളോടും കൂടി അധ്യാപികരെ തിരിച്ചെടുക്കാനും മുന്‍കയ്യെടുത്തത് പ്രിന്‍സിപ്പാളാണ്. സംഭവവുമായി ബന്ധപ്പെട്ട് പലതവണ വിശദീകരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

Top