ഗൗരി ലങ്കേഷിന്റെ കൊലപാതകം ; ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് എംവി ജയരാജന്‍

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസ്സുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എംവി ജയരാജന്‍.

തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജയരാജന്‍ ഗൗരിലങ്കേഷിന് അനുശോചനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നത്.

ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക മാഗസിന്‍ എഡിറ്ററാണ്.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അവര്‍,
മാധ്യമപ്രവര്‍ത്തകയേയും
തേടിയെത്തി…

ബാഗ്ലൂരുവില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് മതനിരപേക്ഷ മനസ്സുള്ള ആരിലും ഞെട്ടലുളവാക്കുന്നതാണ്. ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു ഈ ജേര്‍ണ്ണലിസ്റ്റ്. മലയാളികളുടെ മതനിരപേക്ഷ ബോധത്തെക്കുറിച്ചാണ് അവര്‍ അവസാനമായി എഴുതിയത്. കേരളത്തിലെത്തിയാല്‍ നല്ലബീഫ് തരണമെന്നും അവര്‍ കുറിച്ചത് വാര്‍ത്തയാണ്.
ഫാസിസ്റ്റ് ഭീകരത ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധത്തില്‍ മുന്‍പന്തിയില്‍ ഈ ജേര്‍ണ്ണലിസ്റ്റ് അണിനിരന്നിരുന്നു. ഡോ.യു.ആര്‍ അനന്തമൂര്‍ത്തിയുടെ മരണം ആഘോഷിച്ച സംഘപരിവാര്‍ രീതിയും അവര്‍ എതിര്‍ത്തു. ഫാസിസ്റ്റ് ഭീകരതയ്‌ക്കെതിരായ പോരാട്ടം തന്നെയായിരുന്നു അവര്‍ക്ക് മാധ്യമപ്രവര്‍ത്തനവും. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയപോലെ, തോക്കുകള്‍ ഇപ്പോഴും തീ തുപ്പുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകം. അവസാനശ്വാസം വരെ മതനിരപേക്ഷത ശക്തിപ്പെടുത്താന്‍ പോരാടിയ ആ ധീരവനിതയുടെ കൊലപാതകത്തില്‍ പ്രതിഷേധവും വിയോഗത്തില്‍ അനുശോചനവും രേഖപ്പെടുത്തുന്നു.

Top