ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഗോതാബയ മുന്നേറുന്നു…

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ശ്രീലങ്ക പീപ്പിള്‍ ഫ്രണ്ട് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ സഹോദരനുമായ ഗോതാബയ രാജപക്ഷെ മുന്നേറുകയാണ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സജിത് പ്രേമദാസയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. പന്ത്രണ്ടായിരം പോളിങ് ബൂത്തുകളിലായി 1.59 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതുവരെ എണ്ണിയ വോട്ടുകളില്‍ 53 ശതമാനം വോട്ടുകള്‍ ഗോതാബായ നേടിയിട്ടുണ്ട്. 40 ശതമാനം വോട്ടുകളാണ് സജിത്ത് പ്രേമദാസ നേടിയിരിക്കുന്നത്. അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്.

മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശനിയാഴ്ച രാവിലെ ഏഴുമണിക്കാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുമണി വരെ നീണ്ടു. അതിനിടെ രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിലെ വോട്ടര്‍മാര്‍ സഞ്ചരിച്ച ബസുകള്‍ക്കു നേരെ വെടിവെപ്പുണ്ടായി. കൊളംബോയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ തന്ത്രിമാലെയില്‍ രണ്ട് ബസുകള്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. വാഹനവ്യൂഹത്തില്‍ നൂറിലധികം ബസുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. വെടിവയ്പ്പിന് ശേഷം അക്രമികള്‍ ബസിനു കല്ലെറിഞ്ഞതായും പൊലീസ് അറിയിച്ചു. ആര്‍ക്കും പരുക്കില്ല.

Top