ഗോരഖ്പുര്‍ കൂട്ടമരണ കേസില്‍ ഒമ്പതു പേരെ പ്രതിചേര്‍ത്തു

ഉത്തര്‍പ്രദേശ്: ഗോരഖ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്നുണ്ടായ കൂട്ടമരണ കേസില്‍ ഒമ്പതു പേരെ പ്രതിചേര്‍ത്തു.

ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 80 ഓളം കുഞ്ഞുങ്ങള്‍ മരണപ്പെട്ട കേസിലാണ് അന്വേഷണ സംഘം പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്.

ബിആര്‍ഡി മുന്‍ പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ ശുക്ല എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

കൂടാതെ ശിശുരോഗ വിഭാഗം തലവനും അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ നേരിടുന്ന ഡോക്ടറുമായ കഫീല്‍ ഖാന്‍, ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്തിരുന്ന പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരി എന്നിവര്‍ക്കെതിരെയും എഫ്‌ഐആറുണ്ട്.

ലഖ്‌നോവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ തയാറാക്കിയിരിക്കുന്നത്.

മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം. സര്‍ക്കാര്‍ ഫണ്ടുകള്‍ ഇവര്‍ മുക്കിയെന്നും ആരോപണമുണ്ട്.

ഓഡിറ്റ് വകുപ്പിലെ ഉദയ് പ്രതാപ്, ക്ലര്‍ക്കുമാരായ സഞ്ജയ്, സുധീര്‍, ഫാര്‍മസിസ്റ്റ് മേധാവി ഗജനന്‍ ജയ്‌സ്‌വാള്‍, ഡോ.സതീഷ് എന്നിവരാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിരിക്കുന്ന മറ്റുള്ളവര്‍.

ബോധപൂര്‍വമായ നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top