ഗോപ്രോ ഹീറോ 6 ബ്ലാക്ക് ക്യാമറയ്ക്ക്‌ 8,000 രൂപ വിലക്കിഴിവ്

Gopro hero 6

ഗോപ്രോ ഹീറോ 6 ബ്ലാക്ക് ആക്ഷന്‍ ക്യാമറയ്ക്ക്‌ ഇപ്പോള്‍ 8,000 രൂപ വിലക്കിഴിവ്. 45,000 രൂപ വിലയില്‍ കഴിഞ്ഞ ഡിസംബറിലാണ് ക്യാമറ ഇന്ത്യന്‍ വിപണിയിലെത്തിയത്. വിലക്കിഴിവ് പ്രമാണിച്ച് 37,000 യാണ് ഇപ്പോള്‍ ക്യാമറയ്ക്കുള്ളത്‌.

ഹീറോ 6ന് പുറമെ ഹീറോ 5 ക്യാമറയുടെ വില 38000 രൂപയില്‍ നിന്നും കുറച്ച് 27,000 രൂപയായി. ഹീറോ 5 സെഷന് 29,500 രൂപയില്‍നിന്ന് 18,000 രൂപയായി കുറച്ചു.

റോ, എച്ച്ഡിആര്‍ ഫോട്ടോ മോഡുകളും പത്ത് ഭാഷകളില്‍ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനവും ഉള്‍പ്പെടുന്നതാണ് ഗോപ്രോ ഹീറോ 6 ബ്ലാക്ക് ക്യാമറ. ജിപി1 പ്രൊസസറിലാണ് ക്യാമറയുടെ പ്രവര്‍ത്തനം.

ടച്ച് സൂം, വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ക്യാമറ 33 അടി വാട്ടര്‍പ്രൂഫ് ആണ്. ഗോപ്രോ മൗണ്ടുകളിലും കര്‍മ മൗണ്ടുകളിലും ഹീറോ 6 ബ്ലാക്ക് ഘടിപ്പിക്കാം. 60 ഫ്രെയിം റേറ്റില്‍ 4കെ വീഡിയോയും അതുപോലെ 1080p240 വീഡിയോയും പകര്‍ത്താന്‍ സാധിക്കും.

വോയ്‌സ് കണ്‍ട്രോള്‍ സംവിധാനവും ഇമേജ് സ്റ്റെബിലൈസേഷനും ഉള്‍കൊള്ളുന്നതാണ് ഗോപ്രോ ഹീറോ 5. 33 അടി വാട്ടര്‍പ്രൂഫാണ് ക്യാമറ. ചിത്രങ്ങളും വീഡിയോകളും ഗോപ്രോ പ്ലസ് ക്ലൗഡിലേക്ക് ഓട്ടോ അപ്‌ലോഡ് ചെയ്യുക, എഡിറ്റ് ചെയ്യുക, ഫയലുകള്‍ മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ അയക്കുക എന്നിവയാണ് ഗോപ്രോ 5 ക്യാമറയുടെ പ്രധാന സവിശേഷതകള്‍.

ഇതേ സവിശേഷത തന്നെയാണ് ഗോപ്രോ ഹീറോ 5 സെഷന്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം റോ ഇമേജുകള്‍, രണ്ട് ഇഞ്ച് ടച്ച് ഡിസ്‌പ്ലേ, WDR ഫോട്ടോ മോഡുകള്‍, ജിപിഎസ് എന്നിവ ഹീറോ 5 സെഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവഴി പത്ത് മെഗാപിക്‌സല്‍ റസലൂഷനിലുള്ള ചിത്രങ്ങള്‍ മാത്രമെ പകര്‍ത്താന്‍ സാധിക്കുകയുള്ളൂ.

Top