സര്‍ക്കാര്‍ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്, സര്‍ക്കാര്‍ എല്ലാവരുടേതുമാണ്; മന്ത്രി പി.രാജീവ്

കൊച്ചി: നവകേരള സദസില്‍ പങ്കെടുത്തതിന്റെ പേരില്‍ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോണ്‍ഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ്. എ.വി ഗോപിനാഥിനെതിരായ നടപടി കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും രാജീവ് വ്യക്തമാക്കി. യുഡിഎഫ് കൂടുതല്‍ കൂടുതല്‍ അവരിലേക്ക് ചുരുങ്ങുകയാണ്. യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ല. ഒരു സെമിനാറില്‍ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ നടപടിയെടുത്തത്. സര്‍ക്കാര്‍ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സര്‍ക്കാര്‍ എല്ലാവരുടേതുമാണെന്നും പി.രാജീവ് പറയുന്നു.

നവകേരള സദസ്സില്‍ പങ്കെടുത്തതിന് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത് ഇന്നലെയാണ്. ഗോപിനാഥിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സില്‍ എത്തിയത്.

രാമനാഥപുരത്തെ ക്ലബ്ബ് 6 കണ്‍വെന്‍ഷന്‍ ഹാളില്‍ ശനിയാഴ്ച നടന്ന നവകേരളസദസ്സില്‍ പങ്കെടുത്ത എ.വി. ഗോപിനാഥിന്റെ നടപടി ഗുരുതരമായ അച്ചടക്കലംഘനവും സംഘടനാവിരുദ്ധ നടപടിയുമാണെന്നാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നവകേരളസദസ്സ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് നടപടിക്ക് കാരണമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top