ഇമ്രാനെ കാണാൻ ഗോപി സുന്ദർ എത്തി; ഒപ്പം തന്റെ ചിത്രത്തിൽ പാട്ട് പാടാനുള്ള ക്ഷണവും

ലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച ആളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഒപ്പം തന്റെ ചിത്രങ്ങളിലൂടെ നിരവധി യുവ ഗായകരെയും അദ്ദേഹം മലയാള ഗാന ശാഖക്ക് സംഭാവന ചെയ്തിട്ടുണ്ട്. വീണ്ടും അത്തരത്തിൽ ഒരു അവസരം നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ഒരു അവസരം എന്നതിലുപരി ഒരു വലിയ നന്മ എന്ന് ഈ പ്രവർത്തിയെ പറയാം.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ ടിവി പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ അതുല്യ പ്രതിഭയാണ് ഇമ്രാൻ ഖാൻ. റിയാലിറ്റി ഷോ കാലഘട്ടത്ത് തന്റെ മികവാർന്ന ശബ്ദം കൊണ്ടും പ്രകടനം കൊണ്ടും ഇമ്രാൻ വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിച്ചിരുന്നു. എന്നാൽ റിയാലിറ്റി ഷോ അവസാനിച്ചതോടെ ഒന്നു രണ്ട് ടിവി പരിപാടികളിലൂടെ അല്ലാതെ ഇമ്രാനെ ആരും കണ്ടില്ല. മറ്റു ടിവി പ്രോഗ്രാമുകളും റിയാലിറ്റി ഷോകളും വന്നതോടെ പ്രേക്ഷകർ പതിയെ ഇമ്രാനെ മറന്നു.

വലിയ ഒരു ഇടവേളക്ക് ശേഷം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇമ്രാൻ ഒരു പ്രമുഖ ചാനൽ റിയാലിറ്റി ഷോയിൽ അഥിതിയായി എത്തി. ഇമ്രാൻ രണ്ടാമത്തെ വരവ് ഷോയിലെ വിധികർത്താക്കളും അതിഥികളും പ്രേക്ഷകരും ഹർഷാരവത്തോടെ ഏറ്റെടുത്തു. രണ്ടാമത്തെ വരവിൽ ഇമ്രാൻ തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. താൻ ഇപ്പോൾ ഒരു ഓട്ടോ ഡ്രൈവർ ആണെന്നും, ഓട്ടോ ഓടിക്കുന്ന ഇടവേളകളിൽ ഗാനമേളകൾക്ക് പോകാറുണ്ടെന്നും ഇമ്രാൻ പറഞ്ഞു. ഷോയിൽ വിധികർത്താവായി ഇരുന്ന് ഗോപിസുന്ദർ അന്ന് ഇമ്രാന് ഒരു വാഗ്ദാനം നൽകി തന്റെ അടുത്ത ചിത്രത്തിൽ ഇമ്രാൻ ഒരു ഗാനം ആലപിക്കും എന്ന്. ഗോപി സുന്ദറിന്റെ ഈ ഓഫർ കേട്ട് ഇമ്രാനും കാണികളും കോരിതരിച്ചു നിന്നു. ഇന്നിതാ ആ വാക്കുകൾ പാലിച്ചിരിക്കുകയാണ് ഗോപിസുന്ദർ.

മാസ്‌കും തൊപ്പിയും ധരിച്ച് ഓട്ടോയില്‍ കയറിയ യാത്രികനെ ഇമ്രാനും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഒരു ചായ കുടിക്കാന്‍ നിറുത്തണമെന്ന് ആവശ്യപ്പെട്ട് വാഹനം നിറുത്തി പുറത്തേക്കിറങ്ങിയപ്പോള്‍ സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായി ഇമ്രാന്‍ യാത്രികന്റെ പേര് ചോദിച്ചു. ഗോപിസുന്ദര്‍ എന്നു പറഞ്ഞു കൈ കൊടുത്തതും ഇമ്രാന്‍ ഞെട്ടിപ്പോയി. കണ്ടുമുട്ടലിന്റെ ഞെട്ടല്‍ മാറും മുന്‍പ് പുതിയ പാട്ടിന്റെ അഡ്വാന്‍സും ഗോപിസുന്ദര്‍ ഇമ്രാന്റെ കയ്യില്‍ നല്‍കി. ഇമ്രാന്‍ ആദ്യമായി പാടിയ പള്ളിയുടെ മുറ്റത്തു വച്ചായിരുന്നു ഈ അപൂര്‍വ കൂടിക്കാഴ്ച നടന്നതെന്നാണ് മറ്റൊരു പ്രത്യേകത.

ഗോപിസുന്ദർ ഇമ്രാനൊപ്പമുള്ള ചിത്രവും ഒരു വീഡിയോയും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.

Top