തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; സൂപ്പര്‍മാര്‍ക്കറ്റ് ഉടമയേയും മകനെയും മര്‍ദ്ദിച്ച് പണം കവര്‍ന്നു

 

തിരുവനന്തപുരം: വിഴിഞ്ഞം തിയറ്റര്‍ ജംഗ്ഷനില്‍ ഗുണ്ടകള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെയും മകനെയും മര്‍ദ്ദിച്ച് പണം കവര്‍ന്നു. മര്‍ദ്ദനമേറ്റ വിഴിഞ്ഞം സ്വദേശി ഇബന്‍ മഷൂദ്(58) മകന്‍ ഷാഹുല്‍ ഹമീദ് (19) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തിയേറ്റര്‍ ജംഗ്ഷന്‍ ജി സ്തി മണ്‍സിലില്‍ മുഹമ്മദ് ഷാഫി (27) യെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആളിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കോവളം പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഉടമ കട അടയക്കുന്ന നേരത്ത് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കൗമാരക്കാരനായ മകനും മര്‍ദ്ദനമേറ്റത്. തിയറ്റര്‍ ജംഗ്ഷനിലെ എ.എം.കെ. സൂപ്പര്‍ മാര്‍ക്കറ്റിലാണ് പിടിച്ച് പറി നടന്നത്. ഉടമയെ ആക്രമിച്ച സംഘം രണ്ടായിരത്തോളം രൂപയും കവര്‍ന്നതായാണ് പരാതി.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കോവളം സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണവും പിടിച്ചു പറിയും നടന്നത്. പരാതി ലഭിച്ചയുടന്‍ കോവളം പൊലീസ് നടത്തിയ ചടുലനീക്കത്തിലാണ് മുഖ്യപ്രതി ഷാഫി അറസ്റ്റിലായത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോവളം സി. ഐ പ്രൈജു , എസ് ഐ മാരായ അനീഷ്, മാര്‍വിന്‍ ഡിക്രൂസ്, സി.പി.ഒ. ലജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കോവളം, വിഴിഞ്ഞം സ്റ്റേഷന്‍ പരിധികളില്‍ ഗുണ്ടാ ആക്രമണം വര്‍ദ്ധിച്ചത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.

 

Top