ഫോര്‍ട്ട് കൊച്ചിയിൽ ഗുണ്ടാ ആക്രമണം; ഹോംസ്‌റ്റേ അടിച്ചുതകര്‍ത്തു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത് . സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യം ചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിക്കുകയായിരുന്നു .

സൈക്കിള്‍ വാടകയ്ക്ക് എടുക്കാന്‍ വേണ്ടി ഏതാനും പെണ്‍കുട്ടികള്‍ ഫോർട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ എത്തിയിരുന്നു. ഇതേ സമയം സമീപത്തെ ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുകയായിരുന്നു . ഇതിനെ ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ ചോദ്യംചെയ്തതോടെ യുവാക്കള്‍ മട്ടാഞ്ചേരിയില്‍നിന്ന് കൂടുതല്‍പേരെ വിളിച്ചുവരുത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഹോംസ്‌റ്റേയില്‍ അതിക്രമിച്ചുകയറിയ ഗുണ്ടാസംഘം സ്ഥാപനം അടിച്ചുതകര്‍ത്തു. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചെന്നാണ് വിവരം. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.

Top