കൊലക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെതിരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടിൽ കയറി ഗുണ്ടാവിളയാട്ടം. വെട്ടുവിള സ്വദേശി ബിനുവിന്‍റെ വീട്ടിലാണ് വാളും കമ്പിപ്പാരയുമായെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്. ഇന്നലെ രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആയുധങ്ങളുമായെത്തിയ നാലംഗ സംഘം ബിനുവിന്‍റെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വടിവാളുപയോഗിച്ച് വാതിൽ വെട്ടിപ്പൊളിക്കാനും ചവിട്ടി തുറക്കാനും ശ്രമിച്ചു. ബിനുവിന്‍റെ സഹോദരൻ ശെൽവരാജനെ അയൽവാസിയായ സാനു കുത്തി കൊലപ്പെടുത്തിയിരുന്നു. തടുക്കാനെത്തിയ ബിനുവിനും അന്ന് കുത്തേറ്റിരുന്നു.

സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സനുവിനെതിരെ ബിനു സാക്ഷി പറഞ്ഞിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിൽ സനുവിന്‍റെ ബന്ധുവിന്‍റെയും സുഹൃത്തിന്‍റേയും നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ബിനു പറയുന്നത്. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Top