ഗൂഗിള്‍ മീറ്റില്‍ 2021 ജൂണ്‍ വരെ പരിധിയില്ലാതെ സൗജന്യ വീഡിയോ കോള്‍ ചെയ്യാം

ഗൂഗിള്‍ എന്റര്‍പ്രൈസ്-ഗ്രേഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇപ്പോള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും ഓണ്‍ലൈന്‍ മീറ്റിംഗ് സൃഷ്ടിക്കാനും 100 ആളുകളെ വരെ ക്ഷണിക്കാനും അറുപത് മിനിറ്റ് വരെ ഓരോ മീറ്റിംഗും നടത്താനും കഴിയും. ഗൂഗിള്‍ മീറ്റ് വഴി സംവദിക്കാനും നിരവധി പേര്‍ക്ക് ഒരേ സമയം കണ്ടു സംസാരിക്കാനും സാധിക്കുന്നു. കൊറോണ കാലമായതോടു കൂടിയാണ് ഗൂഗിള്‍ മീറ്റിന്റെ ആവശ്യകത ഏറിയത്. കാരണം ഓഫീസ് ആവശ്യങ്ങള്‍ക്ക് ആയാലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആയാലും ഗൂഗിള്‍ മീറ്റ് വഴിയുളള ഒത്തു ചേരല്‍ ഏറെ സഹായകമായിട്ടുണ്ട്.

എന്നാല്‍ അറുപത് മിനിറ്റ് മാത്രമായിരുന്നു ഗൂഗിള്‍ മീറ്റില്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. കൊറോണ കാലം ആയതോടെ ഈ പരിധി നീക്കി. ഇതിന്റെ തുടര്‍ച്ച ആയിട്ടാണ് ഇപ്പോള്‍ ജൂണ്‍ വരെ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാനുളള ഓഫര്‍ നീട്ടിയിരിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്‌ സ്‌പെയ്‌സ് ട്വിറ്ററിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചത്. ജി-സ്യൂട്ടില്‍ അംഗമായിട്ടുള്ള എല്ലാ ആളുകള്‍ക്കും മാര്‍ച്ച് 31 വരെ 24 മണിക്കൂര്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാവുന്ന ഓഫറാണ് ആദ്യം ഉണ്ടായിരുന്നത്.

എന്നാല്‍ ജൂണ്‍ 31 വരെ ഓഫര്‍ നീട്ടിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ഫീസ് നല്‍കാതെ തന്നെ ദൈര്‍ഘ്യമേറിയ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ കഴിയും. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് നൂറ് പേരെ അവരുടെ വീഡിയോ കോണ്‍ഫറന്‍സുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഇരുന്നൂറ്റി അന്‍പത് പേരെ വരെ കോളിലേക്ക് ചേര്‍ക്കാനും സാധിക്കും. വേഗമേറിയതും സുസ്ഥിരവുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വെബ് ബ്രൗസര്‍ വഴി ചേരാന്‍ കഴിയും. ഇതിനായി ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.

Top