ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി ഭൂകമ്പ മുന്നറിയിപ്പുമായി ഗൂഗിള്‍ എത്തും

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മുതല്‍ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കും. ഫോണിലെ സെന്‍സറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം എന്‍ഡിഎംഎ (നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി), എന്‍എസ്സി (നാഷനല്‍ സീസ്‌മോളജി സെന്റര്‍) എന്നിവയുമായി സഹകരിച്ചാണ് വികസിപ്പിച്ച് എടുത്തിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 4.5 നു മുകളില്‍ തീവ്രതയുള്ള ഭൂകമ്പ സമയത്ത് ഫോണില്‍ ജാഗ്രതാ നിര്‍ദേശം ലഭിക്കും. കൂടാതെ ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ പ്രാദേശിക ഭാഷകളില്‍ ഫോണില്‍ മുന്നറിയിപ്പ് സന്ദേശം ലഭിക്കും.

ഭൂകമ്പ തരംഗങ്ങള്‍ ഭൂമിയിലൂടെ പ്രചരിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഇന്റര്‍നെറ്റ് സിഗ്‌നലുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ട് തന്നെ ശക്തമായ കുലുക്കത്തിന് ഏതാനും സെക്കന്‍ഡുകള്‍ക്ക് മുന്‍പ് തന്നെ അലര്‍ട്ടുകള്‍ ഫോണുകളില്‍ എത്തുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കിലും ഉച്ചത്തിലുള്ള ശബ്ദവും സുരക്ഷാ നടപടികള്‍ക്കുള്ള നിര്‍ദേശവും ഫോണിലൂടെ ലഭിക്കും. സുരക്ഷയ്ക്കായി എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സെറ്റിങ്‌സിലെ സേഫ്റ്റി ആന്റ് എമര്‍ജന്‍സി ഓപ്ഷനില്‍ നിന്ന് എര്‍ത്ത്‌ക്വെയ്ക് അലര്‍ട്‌സ് ഓണ്‍ ചെയ്താല്‍ ഈ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാം.

ആക്‌സിലറോമീറ്റര്‍ സീസ്‌മോഗ്രാഫായി ഉപയോഗിച്ച് ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകള്‍ക്കും ഐഡന്റിഫൈ ചെയ്താല്‍ ഗൂഗിളിന്റെ സെര്‍വര്‍ അതിന്റെ വ്യാപ്തി മനസിലാക്കി പെട്ടെന്ന് അലര്‍ട്ട് നല്കും. ഭൂകമ്പത്തിന്റെ തീവ്രതയെ ആശ്രയിച്ച്, അലേര്‍ട്ടുകളെ രണ്ട് തരങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യത്തേത്, 4.5 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പ സമയത്ത് എംഎംഐ 3 & 4 കുലുക്കം അനുഭവപ്പെടുന്ന സമയത്ത് ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന ‘ബി എവെയര്‍ അലെര്‍ട് ‘ ആണ്. മറ്റൊന്ന്, 4.5 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള എംഎംഐ 5+ കുലുക്കം അനുഭവപ്പെടുന്ന ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്ന ‘ടേക്ക് ആക്ഷന്‍ അലേര്‍ട്ട്’ ആണ്.

Top