പിക്‌സല്‍ 8 ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുമെന്ന് ഗൂഗിള്‍

ഫ്‌ലാഗ്ഷിപ് സ്മാര്‍ട് ഫോണായ പിക്‌സെല്‍ 8 മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുമെന്ന് ഗൂഗിള്‍. 2024ല്‍ ഉപകരണങ്ങള്‍ പുറത്തിറക്കുമെന്നും ഗൂഗിള്‍ ഡിവൈസസ് ആന്‍ഡ് സര്‍വീസസ് സീനിയര്‍ വൈസ് പ്രസിഡന്റ് റിക് ഓസ്റ്റര്‍ലോ അറിയിച്ചു. ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഗൂഗിള്‍ മാപ് ആപ് ഉപയോഗിച്ച് മെട്രോ ടിക്കറ്റുകള്‍ നേരിട്ടു ബുക്ക് ചെയ്യാവുന്ന പദ്ധതി പരിഗണനയിലാണെന്നു കമ്പനി അറിയിച്ചു.

ചെറുകിട വ്യാപാരികള്‍ക്കായി 15,000 രൂപ മുതലുള്ള വായ്പ നല്‍കുന്നതിന് ഗൂഗിള്‍ പേയ് ആപ്പും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ ഡിഎംഐ ഫിനാന്‍സുമായി ധാരണയുണ്ടാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. തദ്ദേശീയ, രാജ്യാന്തര പങ്കാളികളുമായി ചേര്‍ന്നാകും സ്മാര്‍ട് ഫോണ്‍ നിര്‍മാണമെന്നു പറഞ്ഞ ഓസ്റ്റര്‍ലോ, ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വന്‍തോതില്‍ ഉപയോഗത്തിലുള്ള ഇന്ത്യ, പിക്‌സെല്‍ സ്മാര്‍ട് ഫോണുകള്‍ക്ക് മികച്ച വിപണിയായിരിക്കും എന്നു ചൂണ്ടിക്കാട്ടി.

അതേസമയം എത്ര ഫോണുകളാകും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുകയെന്നോ ഫാക്ടറികള്‍ എവിടെ ആയിരിക്കുമെന്നോ വ്യക്തമാക്കിയില്ല. അടുത്തിടെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് മെയ് മാസത്തില്‍ ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈയുമായി കമ്പനിയുടെ കാലിഫോര്‍ണിയ ആസ്ഥാനമായ മൗണ്ടന്‍ വ്യൂവില്‍ ചര്‍ച്ച നടത്തി.

Top