ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി; വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ പിഴയടക്കണം

മോസ്‌കോ: അമേരിക്കന്‍ ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ റഷ്യയില്‍ നിന്നും ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ പിഴയടക്കണം എന്നാണ് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പിഴ എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നത്.

നേരത്തെ തന്നെ നിയമവിരുദ്ധ കണ്ടന്റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തിനും പറ്റുമായി വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു. ഈ ഫൈനാണ് ഇപ്പോള്‍ ഗൂഗിളിന്റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനം വരെ എന്ന് ആക്കിയത്. ഇത് ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും.

എന്നാല്‍ ഇതിനോട് ഗൂഗിളില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല. ഇന്റര്‍നെറ്റും സാമൂഹ്യ മാധ്യമങ്ങളും നിയന്ത്രിക്കാനുള്ള റഷ്യയിലെ പുടിന്‍ സര്‍ക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് ടെക് വിദഗ്ധര്‍ അടക്കം പറയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ട്വിറ്റര്‍ ഫീഡിന്റെ വേഗത റഷ്യയില്‍ കുറച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

അതേ സമയം റഷ്യന്‍ ഭരണകൂടത്തിന്റെ എല്ലാ നിയന്ത്രണങ്ങള്‍ക്കും ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ വന്‍കിട കമ്പനികളും, സോഷ്യല്‍ മീഡിയകളും നിന്നുകൊടുക്കുന്നു എന്നാണ് റഷ്യന്‍ പ്രതിപക്ഷം ആരോപിക്കുന്നത്. അതേ സമയം സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിനും വരുമാനത്തില്‍ നിന്നും പിഴ ചുമത്താന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനുള്ള ചില നിര്‍ദേശങ്ങള്‍ റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി ഒക്ടോബര്‍ ആദ്യം മുന്നോട്ട് വച്ചുവെന്നും വാര്‍ത്തകളുണ്ട്.

Top