വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് കർശന മുന്നറിയിപ്പുമായി ഗൂഗിള്‍

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക്ക് ഭീമന്‍മാരായ ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാര്‍ പരാജയപ്പെട്ടാല്‍ അവരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്‌തേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കമ്പനിയെ അറിയിക്കണമെന്നും അതിന്‍റെ തെളിവ് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ഗൂഗിള്‍ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. വാക്‌സിന്‍ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ മതപരമായ ഇളവുകള്‍ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും കമ്പനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഡിസംബര്‍ മൂന്നിന് ശേഷം വാക്സിനേഷന്‍ ചെയ്യാത്ത ജീവനക്കാരെയും വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാത്തവരെയും ഇളവുകള്‍ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിള്‍ അറിയിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.ജനുവരി 18നകം വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കാത്ത ജീവനക്കാരെ 30 ദിവസത്തേക്ക് പെയ്ഡ് അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ വിടും. അതിനുശേഷം, കമ്പനി അവരെ ആറുമാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയില്‍ ആക്കും, തുടര്‍ന്ന് പിരിച്ചുവിടുകയും ചെയ്യും.

സിഎന്‍ബിസി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട റോയ്ട്ടേഴ്സിന്‍റെ ചോദ്യങ്ങളോട് ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കുത്തിവെപ്പെടുക്കാന്‍ തയ്യാറായ ജീവനക്കാരെ സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും തങ്ങളുടെ വാക്സിനേഷൻ നയത്തിന് പിന്നിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നുവെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ എതിര്‍പ്പുകള്‍ പരിഗണിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു. ജനുവരി 10 മുതല്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്നു ദിവസം ഓഫീസില്‍ എത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Top