Google streams apps to Android handsets

മികച്ച സെര്‍ച്ച്ഫലം കിട്ടാനായി ഗൂഗിള്‍ രൂപപ്പെടുത്തിയ വിദ്യയുടെ ഭാഗമാണ് ആപ്പ് സ്ട്രീമിങ്. ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ ഫോണിലേക്ക് സ്ട്രീം ചെയ്യാന്‍ ഗൂഗിള്‍ ആരംഭിച്ചു. ഹാന്‍ഡ്‌സെറ്റിലേക്ക് ഡൗണ്‍ലോഡ് ചെയ്തില്ലെങ്കിലും ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇത് അവസരമൊരുക്കും.

വെബ്ബ്‌പേജുകളിലെ പോലെ ആപ്പുകള്‍ക്കുള്ളിലെ വിവരങ്ങളും സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗൂഗിള്‍ എന്‍ജിനിയറിങ് മാനേജര്‍ ജെന്നിഫര്‍ ലിന് ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

തുടക്കമെന്ന നിലയ്ക്ക് ഒന്‍പത് ആപ്പുകളാണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. HotelTonight, Useful Knots, Daily Horoscope, Gormey എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഗൂഗിളിലെ 40 ശതമാനം സെര്‍ച്ച്ഫലങ്ങളിലെയും വിവരങ്ങള്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ ആപ്പുകളിലാണ് കാണപ്പെടുന്നത്. നിലവില്‍ ആപ്പിലും വെബ്ബിലും ഒരേപോല കാണപ്പെടുന്ന വിവരങ്ങള്‍ മാത്രമേ ഗൂഗിള്‍ സേര്‍ച്ച്ഫലങ്ങളായി നല്‍കുന്നുള്ളൂ.

ഇനി മുതല്‍ ആപ്പുകളില്‍ മാത്രം കാണപ്പെടുന്ന വിവരങ്ങളും സെര്‍ച്ച് ഫലങ്ങളില്‍ പ്രത്യക്ഷപ്പെടും. ആ സെര്‍ച്ച് ഫലങ്ങള്‍ കാണാനാണ്, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ സ്ട്രീം ചെയ്യുന്നത്.

ഗൂഗിള്‍ വികസിപ്പിച്ച ‘ക്ലൗഡ് അധിഷ്ഠിത വെര്‍ച്വലൈസേഷന്‍ വിദ്യ’ ( cloudbased virtualisation technology ) ആണ് ആപ്പ് സ്ട്രീമിങിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുക.

ഗൂഗിളിന്റെ സ്വന്തം ആപ്പ് വഴിയും ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ വഴിയും ആപ്പുകളെ സ്ട്രീം ചെയ്ത് കാണാനാകും. ഇതിന് പക്ഷേ, വൈഫൈ വേണം. മാത്രമല്ല, ലോലിപോപ്പോ അതിന് മുകളിലോ ഉള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുപയോഗിക്കുന്ന ഫോണാകണം.

നിലവില്‍ ആപ്പ് സ്ട്രീമിങ് അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് ഈ സൗകര്യം എപ്പോഴുത്തുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല.

Top