ഗൂഗിളിന്റെ നൈബര്‍ലി ആപ്പ് മെയ് 12 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഗൂഗിളിന്റെ നൈബര്‍ലി ആപ്പ് മെയ് 12 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തും. പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.

അയല്‍വാസികളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈയില്‍ 2018 മേയിലാണ് ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നൈബര്‍ലി ആപ്പ് അവതരിപ്പിച്ചത്. നവംബര്‍ ആയപ്പോഴേക്കും ഡല്‍ഹി, ബംഗളുരു പോലുള്ള ചില നഗരങ്ങളിലേക്ക് കൂടി നൈബര്‍ലി ആപ്പ് സേവനം വ്യാപിപ്പിച്ചു.

സ്വന്തം വീട്ടിലേക്ക് മാത്രം ഒതുങ്ങിക്കൂടിക്കഴിയുന്ന പ്രദേശവാസികളെ തമ്മില്‍ ബന്ധിപ്പിക്കുക, പ്രാദേശിക കൂട്ടായ്മകളും ആഘോഷങ്ങളും പ്രോത്സാഹിപ്പിക്കുക, പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുക തുടങ്ങി സമീപവാസികളെ തമ്മിലടുപ്പിക്കാനുള്ള ശ്രമമെന്നോണമാണ് ഗൂഗിള്‍ നൈബര്‍ലി ആപ്പ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷച്ചത്ര വളര്‍ച്ച കൈവരിക്കാന്‍ അതിന് സാധിച്ചില്ല.

നൈബര്‍ലി ആപ്പില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ ഗൂഗിളിന്റെ അടുത്ത ഉല്‍പ്പന്നങ്ങളില്‍ പ്രയോജനപ്പെടുത്തുമെന്ന് ഗൂഗിള്‍ പറഞ്ഞു. ആപ്പ് പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 12 വരെ നൈബര്‍ലി ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സമയം ലഭിക്കും.

Top