സെര്‍ച്ച് ഡാറ്റ പുറത്ത് വിട്ട് ഗൂഗിള്‍; ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ തപ്പിയത് ഈ പത്ത് കാര്യങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെറെ ഒരു പണിയും ചെയ്യാനില്ലാതെ സകല ആളുകളും ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുകയാണ്. ഈ സമയത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞവാക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ നെറ്റില്‍ തപ്പിയത് കൊറോണ വൈറസ് ലോക്ഡൗണ്‍, കൊറോണ വൈറസ്, കൊറോണ വൈറസ് ഹെല്‍പ്പേഴ്‌സ്, ലോക്ഡൗണ്‍ എക്സ്റ്റന്‍ഷന്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍, കൊറോണ വൈറസ് സിംപ്ടംസ്, ആരോഗ്യസേതു ആപ്പ്, ഇന്ത്യ കോവിഡ് 19 ട്രാക്കര്‍, ഇ-പാസ്സ് ഫോര്‍ ലോക്ഡൗണ്‍, പ്ലാസ്മ തെറാപ്പി എന്നീ പത്ത് കാര്യങ്ങളാണ്.

കൊറോണ വൈറസ് ലോക്ഡൗണ്‍: ഒരു കോടി തവണയാണ് ഇന്ത്യക്കാര്‍ ഈ വാക്ക് ഗൂഗിളില്‍ തപ്പിയിരിക്കുന്നത്. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് ഗൂഗിള്‍ പുറത്തുവിട്ട കണക്കില്‍ ആഗോള തലത്തില്‍ ഒരു കോടി ഹിറ്റ് ‘കൊറോണ വൈറസ് ലോക്ഡൗണ്‍’ എന്ന വാക്ക് നേടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം അത് ഒരു കോടി തവണ തിരഞ്ഞിരിക്കുന്നു.
കൊറോണ വൈറസ് : മഹാമാരിയുടെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരണം നേടിയ രണ്ട് വാക്കുകള്‍. ആളുകള്‍ ഗൂഗിളില്‍ കൊറോണ വൈറസ് എന്ന് തിരയുമ്പോള്‍ പ്രതീക്ഷിക്കുന്നത് അതുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ക്കാണ്.
കൊറോണ വൈറസ് ഹെല്‍പ്പേഴ്‌സ് :- ഇന്ത്യയില്‍ മാത്രം അമ്പത് ലക്ഷമാളുകള്‍ ആണ് ഈ വാക്കുകള്‍ ഗൂഗളില്‍ തിരഞ്ഞത്.
ലോക്ഡൗണ്‍ എക്സ്റ്റന്‍ഷന്‍ : പ്രധാനമന്ത്രി ലോക്ഡൗണ്‍ ഇടക്കിടെ നീട്ടുന്നത് വാര്‍ത്താ സമ്മേളനങ്ങളിലൂടെ അറിയുന്നതിന് മുമ്പ് ആളുകള്‍ ഗൂഗ്‌ളില്‍ അതിന്റെ സാധ്യതകള്‍ തിരയുന്നുണ്ടായിരുന്നു. പത്ത് ലക്ഷം തവണ കഴിഞ്ഞ ഒരുമാസത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ ഗൂഗിളില്‍ തപ്പി.
ഹൈഡ്രോക്‌സിക്ലോറോക്വിന്‍ :മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ കണ്ട് ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ മറ്റൊരു വാക്ക്.
കൊറോണ വൈറസ് സിംപ്ടംസ് (ലക്ഷണങ്ങള്‍) :- സ്വന്തം ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്ത്യക്കാര്‍ കൊവിഡ് ലക്ഷണങ്ങളും ഗൂഗിളില്‍ കുത്തിയിരുന്ന് തിരഞ്ഞു.
ആരോഗ്യസേതു ആപ്പ് :- കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ട മറ്റൊരു വാക്ക്. കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ട്രാക്കിങ് ആപ്പ് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവാദത്തിലും പെട്ടു.ഇന്ത്യ കോവിഡ് 19 ട്രാക്കര്‍, ഇ-പാസ്സ് ഫോര്‍ ലോക്ഡൗണ്‍, പ്ലാസ്മ തെറാപ്പി എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ മറ്റ് വാക്കുകള്‍.

Top