ഇന്ത്യയുടെ അഭിമാനമാണ് ‘ഗൂഗിളിന്റെയും താരം’; 2019 ഗൂഗിള്‍ സേര്‍ച്ചില്‍ അഭിനന്ദന്‍

ന്തും, ഏതും തിരയാന്‍ ആളുകള്‍ ആദ്യം വെച്ചുപിടിക്കുന്നത് ഗൂഗിളിലേക്കാണ്. 2019ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിഷയങ്ങളുടെ പട്ടിക ഗൂഗിള്‍ ഇന്ത്യ ഇപ്പോള്‍ പുറത്തുവിട്ടു. ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനാണ്. ലതാ മങ്കേഷ്‌കറും, യുവരാജ് സിംഗുമാണ് തൊട്ടുപിന്നില്‍. ഇന്റര്‍നെറ്റ് വൈറല്‍ ഗായിക രാണു മൊണ്ടാലും ആദ്യ പത്തില്‍ ഇടംപിടിച്ചു.

പാക് എഫ് 16 യുദ്ധവിമാനം വെടിവെച്ചിടുന്നതിന് ഇടെയാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സുരക്ഷാ സേനകളുടെ പിടിയിലായത്. 60 മണിക്കൂറിനുള്ളില്‍ വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചയച്ച അഭിനന്ദനെ കുറിച്ച് തിരയാന്‍ ഇതിലും കൂടുതല്‍ കാരണങ്ങളൊന്നും വേണ്ടല്ലോ, അതുകൊണ്ട് തന്നെ ഗൂഗിള്‍ പട്ടികയില്‍ ഒന്നാമതാണ് ഇദ്ദേഹം.

മുതിര്‍ന്ന ഗായിക ലതാ മങ്കേഷ്‌കറാണ് രണ്ടാം സ്ഥാനത്ത്. നവംബര്‍ മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ഗായികയെ തിരഞ്ഞ് ആളുകള്‍ സജീവമായത്. ഇവര്‍ മരിച്ചതായി പോലും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരും ആശങ്കയിലായിരുന്നു. അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് അനന്തിരവള്‍ സ്ഥിരീകരണവുമായി എത്തിയതോടെയാണ് ലത ആരോഗ്യം വീണ്ടെടുക്കുന്നതായി രാജ്യം മനസ്സിലാക്കിയത്.

17 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ഒടുവില്‍ പൊടുന്നനെയാണ് യുവരാജ് സിംഗ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ജൂണ്‍ പത്തിനാണ് ടീമിലെടുക്കാതെ ഒതുക്കുന്ന കാര്യം ചൂണ്ടിക്കാണിച്ച് യുവരാജ് സിംഗ് ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. ഗൂഗിള്‍ സേര്‍ച്ചില്‍ മൂന്നാം സ്ഥാനത്താണ് യുവി.

ആനന്ദ് കുമാറാണ് നാലാമത്. പ്രമുഖ ഗണിതജ്ഞനായ ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഹൃത്വിക് റോഷന്‍ സൂപ്പര്‍ 30 എന്ന ചിത്രം ചെയ്തിരുന്നു. ആരാധകരുടെ സ്‌നേഹം ഏറ്റുവാങ്ങിയ ചിത്രത്തോടെ ആനന്ദ് കുമാറിനെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞു.

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രമാണ് 2019ല്‍ നടന്‍ വിക്കി കൗശലിനെ ജനശ്രദ്ധയില്‍ നിര്‍ത്തിയത്. ഇന്ത്യന്‍ സൈനികനായ മേജര്‍ വിഹാന്‍ സിംഗ് ഷെര്‍ഗിലായി എത്തിയ വിക്കി മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടി. ഗൂഗിള്‍ സേര്‍ച്ചില്‍ അഞ്ചാമതെത്താനും വിക്കിക്ക് സാധിച്ചു.

വിമര്‍ശകരുടെ അക്രമം ഏറ്റുവാങ്ങുന്ന യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പട്ടികയില്‍ ആറാമതുണ്ട്. കളിക്കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന താരത്തിന് പകരം ധോണി തിരിച്ചെത്തണമെന്ന ആരാധകരുടെ ആവശ്യം പന്തിനെ ആദ്യ പത്തില്‍ എത്തിച്ചു.

ഇന്റര്‍നെറ്റ് ഗായിക രാണു മൊണ്ടാല്‍ ഏഴാം സ്ഥാനത്താണ്. റാണാഘട്ട് റെയില്‍വെ സ്‌റ്റേഷനില്‍ പാട്ടുപാടിയിരുന്ന രാണുവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ഇവരുടെ കഥ ലോകമറിഞ്ഞത്. ബോളിവുഡ് ചിത്രങ്ങളില്‍ പാടാന്‍ അവസരം ലഭിച്ച രാണുവിനെ സോഷ്യല്‍ മീഡിയ വാഴ്ത്തുകയും, വീഴ്ത്തുകയും ചെയ്യുന്നുണ്ട്.

ബോളിവുഡ് അരങ്ങേറ്റം കുറിച്ച താര സുതാരിയ എന്ന അഭിനേത്രിയെ തിരഞ്ഞ് തിരഞ്ഞ് ഇന്ത്യക്കാര്‍ എട്ടാം സ്ഥാനത്ത് എത്തിച്ചു. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2-വില്‍ വേഷമിട്ട താര മര്‍ജാവാന്‍ എന്ന ചിത്രവും പൂര്‍ത്തിയാക്കി.

ബിഗ് ബോസ് 13 വിവാദ താരം സിദ്ധാര്‍ത്ഥ് ശുക്ലയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഒന്‍പതാമത്. മറ്റൊരു ബിഗ് ബോസ് താരം കൊയിന മിത്ര പട്ടികയില്‍ പത്താം സ്ഥാനത്തും എത്തി.

Top