മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിന് നിയമം അനിവാര്യമാണെന്ന് ഓസ്ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ മാധ്യമ വെബ്‌സൈറ്റുകളിലെ ഓണ്‍ലൈന്‍ വഴിയുള്ള പ്രാദേശിക വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത് നിര്‍ബന്ധമാക്കുന്ന നിയമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ഗൂഗിള്‍ സെര്‍ച്ച് സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍. പുതിയ നിയമം ന്യായവും നിര്‍ണായകവുമാണെന്നാണ് ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ കമ്മീഷന്റെ നിലപാട്. രാജ്യത്തെ മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഇത് അനിവാര്യമാണെന്നും കമ്മീഷന്‍ പറയുന്നു.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും മാധ്യമസ്ഥാപനങ്ങളുമായി ആലോചിച്ച് ഉള്ളടക്കങ്ങളുടെ വില നിശ്ചയിക്കാം. കമ്പനികള്‍ക്ക് അതിന് സാധിക്കാത്ത പക്ഷം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മധ്യസ്ഥന്‍ വില നിശ്ചയിക്കും. പക്ഷപാതിത്വ മാനദണ്ഡങ്ങളോടു കൂടിയുള്ള നിയമത്തിലെ മധ്യസ്ഥ രീതി ഗൂഗിളിന് സാമ്പത്തികമായും പ്രവര്‍ത്തനപരമായും ഭീഷണി സൃഷ്ടിക്കുമെന്ന് ഓസ്‌ട്രേലിയ, ന്യസിലന്‍ഡ് എന്നിവിടങ്ങളിലെ ഗൂഗിള്‍ മാനേജിങ് ഡയറക്ടറായ മെല്‍ സില്‍വ പറഞ്ഞു. ഇത് നിയമമായി മാറിയാല്‍ ഞങ്ങള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് സേവനം ഓസ്‌ട്രേലിയയില്‍ അവസാനിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളും ഫെയ്‌സ്ബുക്കും മാധ്യമ വ്യവസായ രംഗത്ത് അമിത വിപണി അധികാരം കയ്യാളുന്നുവെന്നാണ് ഓസ്‌ട്രേലിയയുടെ കണ്ടെത്തല്‍. ഇത് ജനാധിപത്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ പറയുന്നു. ഗൂഗിളിന് പിന്തുണ നല്‍കി അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കരുതെന്ന് അമേരിക്ക ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.

Top