ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകള്‍ പുനഃസ്ഥാപിച്ച് ഗൂഗിള്‍

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു. സര്‍വീസ് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കമ്പനി മാട്രിമോണി ആപ്പുകള്‍ ഉള്‍പ്പടെ വിവിധ ആപ്പുകള്‍ നീക്കം ചെയ്തത്. പ്രശ്നത്തില്‍ ഇടപെട്ട കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ആപ്പുകള്‍ നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും അതിന് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സര്‍ക്കാര്‍ ഇടപെട്ടതോടെ നൗക്കരി, 99ഏക്കേഴ്സ്,നൗക്കരി ഗള്‍ഫ് ഉള്‍പ്പടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപ്പുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും ശനിയാഴ്ച ഉച്ചയോടെ തിരിച്ചെത്തി.

മൊബൈല്‍ ആപ്പുകള്‍ക്കുള്ളില്‍ നടക്കുന്ന പണമിടപാടുകളില്‍ 15 ശതമാനം മുതല്‍ 30 ശതമാനം വരെ ഫീസ് ഈടാക്കുന്ന പഴയ രീതി നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ഗൂഗിള്‍ 11 ശതമാനം മുതല്‍ 26 ശതമാനം വരെയാണ് ഗൂഗിള്‍ ഫീസ് ഈടാക്കുന്നത്. ഇത് തടയാന്‍ ചില കമ്പനികള്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങള്‍ക്കിടയാക്കിയത്. ഈ ഫീസിലൂടെയുള്ള വരുമാനമാണ് ആന്‍ഡ്രോയിഡിന്റേയും പ്ലേസ്റ്റോര്‍ ആപ്പിന്റെയും ഡെവലപ്പ്മെന്റിനും അനലറ്റിക്സ്, ആപ്പുകളുടെ പ്രചാരണം എന്നിവയ്ക്കായി ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ പറയുന്നു. പുതിയ ഫീസ് നിരക്കില്‍ ഇടപെടാന്‍ കോടതിയും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ നടപടി. മാട്രിമോണി.കോമിന്റെ ആപ്പുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി ആപ്പുകള്‍ വെള്ളിയാഴ്ച നീക്കം ചെയ്യപ്പെട്ടു. എന്നാല്‍ ഇവയൊന്നും ശനിയാഴ്ച വൈകീട്ടും തിരിച്ചെത്തിയിട്ടില്ല.

Top