ഗണിതം, ഭൗതികശാസ്ത്രം, നിയമം തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവിണ്യം; ജെമിനി എഐ പുറത്തിറക്കി ഗൂഗിള്‍

പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പുറത്തിറക്കി ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന ഈ എഐ മോഡല്‍ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള ഭാഷാ മോഡലുകളെ വെല്ലുവിളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. അള്‍ട്ര, പ്രോ, നാനോ എന്നിങ്ങനെ മൂന്ന് മോഡുകളിലാണ് ജെമിനി ലഭ്യമാവുക. എട്ട് വര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ജെമിനി എന്ന് ആല്‍ഫബെറ്റ് മേധാവി സുന്ദര്‍ പിച്ചൈ പറഞ്ഞു.

പേര് പോലെ തന്നെ കഴിവുകള്‍ കൂടിയ അള്‍ട്ര മോഡില്‍ ഏറ്റവും വലിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് എഐ ജോലികള്‍ ചെയ്യുന്നതിനായി ജെമിനി ഉപയോഗിക്കുക. പ്രോ മോഡില്‍ ഇടത്തരം വലിപ്പമുള്ള ലാംഗ്വേജ് മോഡലും, നാനോ മോഡ് ഏറ്റവും ചെറിയ ലാര്‍ജ് ലാംഗ്വേജ് മോഡലുമാണ് എഐ ജോലികള്‍ക്കായി ഉപയോഗിക്കുക. ഇതില്‍ നാനോ മോഡല്‍ കംപ്യൂട്ടറുകളിലും ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാനാവും വിധമുള്ളതാവുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ്, ചിത്രങ്ങള്‍, ശബ്ദം എന്നിവയിലൂടെയെല്ലാം ജെമിനിയുമായി സംവദിക്കാന്‍ ഉപഭോക്താക്കള്‍ക്കാവും.

ഭാഷയുമായി ബന്ധപ്പെട്ട പല ജോലികളിലും ജെമിനി മനുഷ്യനേക്കാള്‍ മുന്നിലാണെന്ന് ഗൂഗിള്‍ ഡീപ്പ് മൈന്റ് സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സാബിസ് പറഞ്ഞു. ജെമിനി അള്‍ട്രയ്ക്ക് ഗണിതം, ഭൗതികശാസ്ത്രം, നിയമം, മെഡിസിന്‍, എത്തിക്സ് തുടങ്ങി 57 വിഷയങ്ങളില്‍ പ്രാവീണ്യമുണ്ട്. പൊതുവിജ്ഞാനത്തിലും, ചോദ്യോത്തരങ്ങള്‍ കണ്ടെത്തുന്നതിലും ഇത് മികവ് പുലര്‍ത്തുന്നു.

ഗൂഗിളിന്റെ ഉല്പന്നങ്ങളിലും സേവനങ്ങളിലും ജെമിനി ഉള്‍പ്പെടുത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഗൂഗിളിന്റെ ചാറ്റ് ബോട്ടായ ബാര്‍ഡിലും ജെമിനി എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും. ഇതോടെ ബാര്‍ഡിന്റെ കഴിവുകള്‍ വര്‍ധിക്കുകയും ചെയ്യും. ജെമിനി നാനോ ഗൂഗിള്‍ പിക്സല്‍ ഫോണുകളില്‍ ഉള്‍പ്പെടുത്തും. ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ ആഡ്സ്, ക്രോം, ഡ്യുവറ്റ് എഐ എന്നിവയിലും ജെമിന് എഐ ഉള്‍പ്പെടുത്തും.

Top