തൊഴിലവസരങ്ങള്‍ തിരയാനുള്ള സൗകര്യവുമായി ഗൂഗിള്‍ പേ

തൊഴിലവസരങ്ങള്‍ തിരയാനുള്ള സൗകര്യവുമായി ഗൂഗിള്‍ പേ. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഗൂഗിളിന്റെ പേമെന്റ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.

ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി പോലുള്ള മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ജോബ്‌സ് ഫീച്ചര്‍. നേരത്തെ ബംഗ്ലാദേശിലും ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ച കോര്‍മോ ജോബ്‌സ് ആപ്പിന്റെ പിന്തുണയോടെയാണ് ഗൂഗിള്‍ പേയില്‍ ജോബ്‌സ് ഫീച്ചര്‍ എത്തിയിരിക്കുന്നത്.

തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ജോബ്‌സ് ഫീച്ചര്‍ ഉപയോഗിക്കാനാവുക. സൊമാറ്റോ, ഡന്‍സോ, 24സെവന്‍, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് ഉള്‍പ്പെടെ 25 ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ജോബ്‌സ് ഫീച്ചര്‍ പ്രവര്‍ത്തിക്കും.

ഗൂഗിള്‍ പേ ആപ്പില്‍ തൊഴിലന്വേഷകര്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കണം. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം അവ കൈമാറിയെന്നുമെല്ലാം തൊഴിലന്വേഷകര്‍ക്ക് അറിയാന്‍ സാധിക്കും.

Top