ഡിസ്‌നി പ്രതിഭ തൈറസ് വോങിന്റെ ജന്മദിനം; ആദരമര്‍പ്പിച്ച് ഗൂഗിള്‍

വാഷിംഗ്ടണ്‍: ഗൂഗില്‍ ഡൂഡിലിലൂടെ ചൈനീസ് വംശജനും അമേരിക്കന്‍ പൗരത്വം ഉള്ള കലാകാരന്‍ തൈറസ് വോങിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരിക്കുന്നു.ഡിസ്‌നിയുടെ 1942ലെ സിനിമ ബാംബിയാണ് അദ്ദേഹത്തെ പ്രശസ്തിയിലേയ്ക്ക് ഉയര്‍ത്തിയത്. വോങിന്റെ 108-ാം ജന്മ ദിനമാണ് ഇന്ന്.

1910 ഒക്ടോബര്‍ 25നാണ് വോങ് ജനിച്ചത്. 1920ല്‍ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തു. ലോസ് ഏഞ്ജല്‍സിലാണ് അവര്‍ പിന്നീട് താമസമാക്കിയത്.

ലോസ് ഏഞ്ചല്‍സിനെ പൊതു വായനശാലകളില്‍ നടത്തിയിരുന്ന ചിത്ര പ്രദര്‍ശനങ്ങളുടെ സ്ഥിരം കാഴ്ചക്കാരനായിരുന്നു അദ്ദേഹം. വിവിധ ജോലികള്‍ ചെയ്തതിന് ശേഷമാണ് അദ്ദേഹം കലാമേഖലകളില്‍ സജീവമായത്. സ്‌കൂള്‍ തലം മുതല്‍ അദ്ദേഹം ഹോട്ടലുകളില്‍ പോലും ജോലി ചെയ്തു. 1932ലാണ് അദ്ദേഹത്തിന്റെ ആദ്യ കലാപ്രദര്‍ശനം നടക്കുന്നത്.

1938ല്‍ അദ്ദേഹം വാള്‍ട്ട് ഡസ്‌നി സ്റ്റുഡിയോയില്‍ എത്തുകയും അനിമേറ്റഡ് സിനിമാ മേഖലകളിലേയ്ക്ക് തിരിയുകയും ചെയ്തു. അവിടെ വച്ചാണ് അദ്ദേഹം ബാംബി ചെയ്യുന്നത്. അത് തീയറ്ററുകളില്‍ വമ്പിച്ച വിജയം നേടി.

പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന്റെ നാളുകളായിരുന്നു. ഇവോ ജിമാ (1949), റിബല്‍ വിത്തൗട്ട് എ കോസ് (1955), ദ വൈല്‍ഡ് ബഞ്ച്(1969) തുടങ്ങിയ ഹിറ്റുകളുടെ എല്ലാം പിന്നില്‍ വോങ് എന്ന പ്രതിഭയായിരുന്നു. 26 വര്‍ഷം അദ്ദേഹം ഈ സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു.

എന്നാല്‍ വോങ് എന്ന പ്രതിഭയ്ക്ക് ഹോളിവുഡില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. 2001ലാണ് അദ്ദേഹത്തെ ഡിസ്‌നി ലെജന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്. 2015ല്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.

2016 ഡിസംബര്‍ 30നാണ് വോങ് മരണമടഞ്ഞത്. 106 വയസ്സുണ്ടായിരുന്നു അദ്ദേഹത്തിന്.

Top