ഉള്ളടക്കത്തിന് പണം: സ്‌പെയിനിൽ ഏഴു വർഷത്തിന് ശേഷം ഗൂഗിൾ ന്യൂസ് തിരിച്ചെത്തുന്നു

വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ നിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമാക്കിയതോടെ ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങി മുന്‍നിര ടെക് കമ്പനികൾ വൻ പ്രതിസന്ധി നേരിടുകയാണ്. ടെക് കമ്പനികളുടെ സൗജന്യ സേവനങ്ങൾ രാജ്യത്ത് തുടരാൻ പോലും സർക്കാരുകൾ പണം ആവശ്യപ്പെടുന്നുണ്ട്. ഗൂഗിൾ ന്യൂസിൽ ഉൾപ്പെടുത്തുന്ന ഉള്ളടക്കത്തിന് പ്രസാധകർക്ക് പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇതേ കാരണത്താലാണ് ഏഴു വർഷം മുൻപ് സ്പെയിനിൽ ഗൂഗിൾ ന്യൂസ് സേവനം നിർത്തിയത്. എന്നാൽ, നിയമഭേദഗതിക്ക് ശേഷം സ്പെയിനില്‍ വീണ്ടും ഗൂഗിൾ തിരിച്ചുവരികയാണ്. 2022 ആദ്യത്തിൽ ഗൂഗിൾ ന്യൂസ് പുതിയ രൂപത്തിൽ സ്പെയിനിലെ വായനക്കാർക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി ഔദ്യോഗിക ബ്ലോഗ് വഴി അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെ തുടർന്നാണ് 2014 ൽ ഗൂഗിൾ ന്യൂസ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സ്‌പെയിനിലെ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം 2015 ജനുവരി മുതല്‍ സ്‌പെയിനില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്നതിന് പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഗൂഗിളിനോട് നിര്‍ദേശിച്ചിരുന്നു. ഇതോടെ ഗൂഗിൾ പിന്‍മാറുകയായിരുന്നു.

നിലവിൽ യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾക്ക് അനുസൃതമായി സ്പെയിനിന്റെ ഓൺലൈൻ പകർപ്പവകാശ നിയമങ്ങൾ പരിഷ്കരിക്കുകയാണ്. ഈ നടപടികൾ പൂർത്തിയായാൽ അടുത്ത വർഷം ആദ്യത്തിൽ തന്നെ ഗൂഗിൾ ന്യൂസ് സ്പെയിനിൽ മടങ്ങിയെത്തുമെന്ന് യുഎസ് കമ്പനി അറിയിച്ചിട്ടുണ്ട്. തങ്ങൾ വാർത്തകൾ മാത്രമാണ് നൽകുന്നതെന്നും ആ വാർത്തകളിൽ കമ്പനിയുടെ പരസ്യങ്ങൾ ഉൽപെടുത്തുന്നില്ലെന്നുമാണ് അന്ന് ഗൂഗിൾ സ്പെയിൻ സർക്കാരിനെ അറിയിച്ചിരുന്നത്. പരസ്യം നൽകാത്തതിനാൽ തന്നെ പ്രസാധകര്‍ക്കും സർക്കാരിനും പണം നൽകാനാവില്ല എന്നതായിരുന്നു ഗൂഗിൾ തീരുമാനം.

പുതുക്കിയ നിയമപ്രകാരം സ്‌പെയിനിലെ മുഴുവൻ പ്രസാധകർക്കും പണം നൽകേണ്ടിവരില്ല. പകരം വ്യക്തിഗത പ്രസാധകരുമായി ഇത് സംബന്ധിച്ച് ഗൂഗിളിന് ചർച്ച ചെയ്യാൻ കഴിയും. ഗൂഗിൾ ന്യൂസിൽ സ്‌റ്റോറികൾ നൽകുന്നതിന് ഗൂഗിളിൽ നിന്ന് പണം ഈടാക്കാൻ ചിലർക്ക് താൽപ്പര്യമുണ്ടാകാം. എന്നാൽ, പണം നൽകണമോ വേണ്ടയോ എന്നത് ഇനി മുതൽ ഗൂഗിളിന് തന്നെ തീരുമാനിക്കാൻ കഴിയും. ഒരു പ്രസാധകനെ ഉൾപ്പെടുത്താനും ഒഴിവാക്കാനും സാധിക്കും.

വരും മാസങ്ങളിൽ സ്പാനിഷ് പ്രസാധകരുമായി കരാറുകളിലെത്താൻ ശ്രമിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. പുതിയ നിയമത്തിനു കീഴിൽ അവരുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്ന കരാറുകളിൽ എത്തിച്ചേരാൻ പ്രസാധകരുമായി വരും മാസങ്ങളിൽ ചർച്ച നടത്തുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.

Top