ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കാറിലുള്ള മൃതദേഹം കണ്ടെത്തി

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും യാത്രയ്ക്കും മറ്റു സേവനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്ന ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ 1997 ല്‍ കാണാതായ ഒരാളുടെ മൃതദേഹമുള്ള കാര്‍ കണ്ടെത്തി എന്നതാണ് പുതിയ വാര്‍ത്ത. യുഎസിലെ ഫ്‌ലോറിഡയില്‍ താമസിച്ചിരുന്ന 40 കാരനായ വില്യം മോള്‍ഡിനെ 1997 നവംബറിലാണ് കാണാതായത്. 22 വര്‍ഷം മുന്‍പ് കാണാതായ വ്യക്തിയെ ഗൂഗിള്‍ മാപ്സ് വഴി കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്.

ഗൂഗിള്‍ മാപ്സില്‍ തന്റെ വീടിന് പുറകിലുള്ള കുളത്തില്‍ കാര്‍ കണ്ടതായി അയല്‍ക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഫ്‌ലോറിഡയിലെ വെല്ലിംഗ്ടണില്‍ താമസിക്കുന്ന ബാരി ഫെയ് പൊലീസിനെ വിളിച്ചു. ബാരി ആദ്യം ആ കാഴ്ച വിശ്വസിച്ചില്ല, പക്ഷേ ഗൂഗിള്‍ മാപ്പ് വഴി അന്വേഷണം തുടരുന്നതിനിടെ കുളത്തില്‍ കാര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് വാഹനം പുറത്തെടുത്തപ്പോള്‍ കാറിനുള്ളില്‍ മോള്‍ഡിന്റെ അസ്ഥികൂടം കണ്ടെത്തുകയും ചെയ്തു. വെല്ലിംഗ്ടണിലെ മൂണ്‍ ബേ സര്‍ക്കിളിന്റെ 3700 ബ്ലോക്ക്, ഗ്രാന്‍ഡ് ഐല്‍സ് എന്ന ഭാഗത്തെ കുളത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Top