ഇന്ത്യയ്ക്ക് വേണ്ടി പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി ഗൂഗിള്‍ മാപ്പ്സ്

ന്ത്യയ്ക്ക് വേണ്ടി ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ പുറത്തിറക്കി ഗൂഗിള്‍ മാപ്പ്സ്. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ബില്‍ഡിങ് ഫോര്‍ ഇന്ത്യ എന്ന പരിപാടിയില്‍ വെച്ചാണ് പുതിയ സൗകര്യങ്ങള്‍ കമ്പനി അവതരിപ്പിച്ചത്. ഗൂഗിള്‍ മാപ്പ് സ്ട്രീറ്റ് വ്യൂ, ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ് ഉള്‍പ്പടെ വിവിധ ഫീച്ചറുകള്‍ പരിഷ്‌കരിച്ചു.

രാജ്യത്തെ 3000 നഗരങ്ങളില്‍ ലൈവ് വ്യൂ വാക്കിങ് നാവിഗേഷന്‍ ഫീച്ചര്‍ ലഭിക്കും. ആന്‍ഡ്രോയിഡിലാണ് ആദ്യം ലഭിക്കുക. ഗൂഗിള്‍ ലെന്‍സ് ഫീച്ചര്‍ മാപ്പ്സില്‍ എത്തുന്നതോടെ ഫോണിലെ ക്യാമറയുടെ സഹായത്തോടെ പ്രാദേശിക വിവരങ്ങള്‍ അറിയാനാവും. ഇത് 2024 ജനുവരിയോടെ ലഭിക്കും.ഇന്ധനം ലാഭിക്കാനാവുന്ന റൂട്ടുകള്‍ മാപ്പില്‍ നിര്‍ദേശിക്കുന്ന ഫ്യുവല്‍ എഫിഷ്യന്റ് റൂട്ടിങ് സംവിധാനവും ഗൂഗിള്‍ മാപ്പില്‍ വരും. അത്തരം പാതകള്‍ തിരിച്ചറിയാന്‍ പച്ചനിറത്തിലുള്ള ഇലയുടെ ചിഹ്നം മാപ്പില്‍ കാണിക്കും. 2024 ജനുവരിയില്‍ 20 ല്‍ ഏറെ നഗരങ്ങളില്‍ ഈ സൗകര്യം ലഭിക്കും. വേര്‍ ഇസ് മൈ ട്രെയ്ന്‍ ഫീച്ചറും 2024 ല്‍ ആണ് എത്തുക.

രാജ്യത്തെ ട്രെയിന്‍ ഗതാഗതം, പൊതുഗതാഗതം എന്നിവയ്ക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഗൂഗിള്‍ പ്രഖ്യാപിച്ചു. മുംബൈ കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ലോക്കല്‍ ട്രെയിനുകള്‍ എവിടെയാണുള്ളത് എന്നറിയുന്നതിനായി വേര്‍ ഇസ് മൈ ട്രെയ്ന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കും. ആന്‍ഡ്രോയിഡിലാണ് ഈ ഫീച്ചറുകള്‍ ആദ്യം എത്തുക. ഐഒഎസില്‍ താമസിയാതെ അവതരിപ്പിക്കും.ലൈവ് വ്യൂ വാക്കിങ്, ലെന്‍സ് ഇന്‍ മാപ്പ്സ്, ഫ്യുവല്‍ എഫിഷ്യന്‍ റൂട്ടിങ്, അഡ്രസ് ഡിസ്‌ക്രിപ്റ്റേഴ്സ്, ലോക്കല്‍ ട്രെയ്ന്‍സ് സപ്പോര്‍ട്ട് തുടങ്ങി ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഫീച്ചറുകള്‍ പരിപാടിയില്‍ ഗൂഗിള്‍ പ്രദര്‍ശിപ്പിച്ചു.

Top