റെക്കോര്‍ഡ് നേട്ടം; പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ മാപ്‌സ് ഡൗണ്‍ലോഡിങ് 1000 കോടിയിലെത്തി

ടെക് ലോകത്തെ ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിള്‍ മാപ്സ് ഡൗണ്‍ലോഡിങ് 1000 കോടിയിലെത്തി. നാവിഗേഷനില്‍ ഒന്നാം സ്ഥാനത്തുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്സ് പ്ലേസ്റ്റോറില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൃത്യതയും മികച്ച ഫീച്ചറുകളുമാണ് ഗൂഗിള്‍ മാപ്സിന്റെ ജനപ്രീതിക്ക് പിന്നിലെന്നാണ് ടെക് നിരീക്ഷകര്‍ പറയുന്നത്. ഇതോടൊപ്പം തന്നെ വിപണിയില്‍ മറ്റു ‘സൗജന്യ’ മാപ്പിങ് സേവനങ്ങള്‍ വളരെ കുറവാണ് എന്നതും ഗൂഗിള്‍ മാപ്‌സിന് നേട്ടമായി.

അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകളെല്ലാം ഗൂഗിള്‍ മാപ്‌സുമായാണ് വരുന്നത്. ഇതാണ് ഗൂഗിള്‍ മാപ്‌സിന്റെ ഏറ്റവും വലിയ വിജയവും. ആന്‍ഡ്രോയിഡ് ഫോണുകളിലെല്ലാം ഗൂഗിള്‍ മാപ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1000 കോടി ഡൗണ്‍ലോഡിങ് പിന്നിട്ട മറ്റു ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സര്‍വീസും യൂട്യൂബുമാണ്. ഈ പട്ടികയിലേക്കാണ് ഗൂഗിള്‍ മാപ്‌സും എത്തിയിരിക്കുന്നത്.

ഗൂഗിള്‍ മൊബൈല്‍ സേവനങ്ങളുടെ ഭാഗമായി മാപ്സ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതാണ്. എന്നാല്‍, ഇത് പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ കണക്കില്‍ വരുന്നതല്ല. എന്തായാലും, ആന്‍ഡ്രോയിഡിലെ ‘ഡിഫോള്‍ട്ട്’ മാപ്പിങ് സേവനമായിരുന്നിട്ടും പ്ലേസ്റ്റോറിലെ 1000 കോടി ഡൗണ്‍ലോഡുകള്‍ അല്ലെങ്കില്‍ ഇന്‍സ്റ്റാളുകള്‍ എന്നത് വലിയ നേട്ടം തന്നെയാണ്.

ആന്‍ഡ്രോയിഡ് ഗോ ഒഎസ് ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണുകള്‍ക്കും ലോ-എന്‍ഡ് ഹാന്‍ഡസെറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഗൂഗിള്‍ ‘മാപ്സ് ഗോ’ ആണ് നല്‍കുന്നത്. ഇതൊരു പ്രോഗ്രസീവ് വെബ് ആപ്പാണ്. മുഴുവന്‍ ഫീച്ചറുകളുള്ള മാപ്പുകളേക്കാള്‍ 100 മടങ്ങ് വരെ ചെറുതാണിത്. ഗൂഗിള്‍ മാപ്സിന്റെ ഈ ചെറിയ പതിപ്പ് അടുത്തിടെ 50 കോടി ഡൗണ്‍ലോഡുകള്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ലൈവ് എആര്‍ നാവിഗേഷന്‍, ഡാര്‍ക്ക് തീം, തത്സമയ പൊതുഗതാഗത ഡേറ്റ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്‌സ് അതിവേഗം കുതിക്കുകയാണ്.

 

Top