മാപ്പ് ചതിച്ചു, ഗൂഗിൾ മാപ്പ് വിശ്വസിച്ചവർ എത്തിയത് ശബരിമലയിൽ !

തേക്കടിയ്ക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍. ഗൂഗില്‍ മാപ്പിന്‌റെ സഹായത്തോടെ ബൈക്കില്‍ തേക്കടിയ്ക്ക് പോയ യുവാക്കളാണ് ശബരിമലയില്‍ എത്തിയത്. ചിറ്റാര്‍ ശ്രീകൃഷ്ണവിലാസം ശ്രീജിത്, നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ് എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴിന് അതിസുരക്ഷ മേഖലയായ സന്നിധാനത്ത് എത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.

ഫോണില്‍ ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇരുവരും യാത്ര ചെയ്തത്. ചിറ്റാറില്‍നിന്ന് പ്ലാച്ചേരിവഴി പമ്പയില്‍ എത്തി. ഗണപതികോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ശ്രദ്ധയില്‍പെട്ടില്ല. യുവാക്കള്‍ കടന്നുപോയ ശേഷമാണ് വനപാലകരുടെയും പൊലീസിന്‌റെയും ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ വിവരം ഇവര്‍ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും കൈമാറി. യുവാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തമ്പോഴാണ് ഗൂഗിള്‍ മാപ്പ് വഴി പണികിട്ടിയതാണെന്ന് മനസ്സിലായത്. ഇവര്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകടന്നതിന് കേസ് എടുത്തു. ശബരിമല പാതയില്‍ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാല്‍ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവര്‍ ഇരുചക്രവാഹനത്തില്‍ പമ്പയില്‍ എത്തിയത്. രാത്രി 7.30ന് വനപാലകരും പൊലീസും ചേര്‍ന്ന് ഇവരെ തിരിച്ച് പമ്പയില്‍ എത്തിച്ചു.

Top