ആഘോഷം ഡൂഡിളില്‍ ഒതുക്കി ഗൂഗിള്‍; തിരച്ചില്‍ 25 വര്‍ഷങ്ങള്‍ പിന്നിടുന്നു

ഗോള ജീവിതചര്യയില്‍ ഇന്ന് ഗൂഗിളിന്റെ സാന്നിധ്യമില്ലാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ലോകത്തെ ഏറ്റവും പ്രചാരമുള്ള സെര്‍ച്ച് എഞ്ചിന്‍. വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ദിനംപ്രതി കോടിക്കണക്കിനാളുകളാണ് ഗൂഗിളിനെ ആശ്രയിക്കുന്നത്. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ഗൂഗിള്‍ ഇന്ന് 25-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളില്‍ ആദ്യത്തേത് ഗൂഗിള്‍ ആണ്. തൊട്ടുപിന്നില്‍ യൂട്യൂബും പിന്നാലെ ഫേസ്ബുക്കും ട്വിറ്ററും വരുന്നു. 25ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. വിവിധ കാലങ്ങളില്‍ ഗൂഗിള്‍ ഉപയോഗിച്ച ലോഗോകള്‍ കാണിക്കുന്ന ആനിമേറ്റഡ് ഡൂഡിള്‍ ആണ് ഇത്തവണ.

സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് പിഎച്ച്ഡി വിദ്യാര്‍ഥികളായിരിക്കെയാണ് സെര്‍ഗേ ബ്രിന്‍, ലാരി പേജ് എന്നിവര്‍ കണ്ടുമുട്ടിയത്. ഇരുവരുടേയും റിസര്‍ച്ച് പ്രൊജക്ട് എന്ന നിലയിലാണ് ഗൂഗിള്‍ ആദ്യം തുടക്കമിടുന്നത്. അക്കാലത്തുണ്ടായിരുന്ന മറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ സെര്‍ച്ച് റിസര്‍ട്ട് ഉള്ളടക്കത്തെ എത്രതവണ സെര്‍ച്ച് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചപ്പോള്‍ ‘പേജ് റാങ്ക്’ എന്ന അല്‍ഗൊരിതം അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ നിര്‍മിക്കപ്പെട്ടത്. ഇതില്‍ വെബ്സൈറ്റുകള്‍ തമ്മിലുള്ള ബന്ധം വിശകലനം ചെയ്താണ് സെര്‍ച്ച് റിസല്‍ട്ട് ക്രമീകരിച്ചത്.

ഏതൊരു സ്റ്റാര്‍ട്ട് അപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ടായിരുന്നു ഗൂഗിളിന്റേയും തുടക്കം. വാടകയ്ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചത്. ‘ബാക്ക്റബ്ബ്’ (BackRub) എന്നായിരുന്നു ആദ്യം ഈ സെര്‍ച്ച് എഞ്ചിനെ ലാരിപേജും, സെര്‍ഗെ ബ്രിനും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിള്‍ എന്നാക്കി മാറ്റി. യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യ എന്ന അര്‍ത്ഥമുള്ള googol എന്ന വാക്ക് തെറ്റായി എഴുതിയാണ് google ആയത്. അസംഖ്യം വിവരങ്ങള്‍ ലഭിക്കുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ആ പേര് നല്‍കിയത്. 1998 സെപ്റ്റംബര്‍ 27 നാണ് ഗൂഗിള്‍ ഐഎന്‍സി എന്ന കമ്പനിക്ക് തുടക്കമിട്ടത്.

പിന്നീട് 2015 ല്‍ ആല്‍ഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിള്‍ ഉള്‍പ്പടെയുള്ള അനുബന്ധമായി പ്രവര്‍ത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ജീവനക്കാരുള്ള വലിയ വ്യവസായ ഭീമനാണ് ഗൂഗിള്‍.
ലോഗോയില്‍ ഉള്‍പ്പടെ ഒട്ടേറെ മാറ്റങ്ങള്‍ ഗൂഗിളിനുണ്ടായിട്ടുണ്ട്. എങ്കിലും ലോകത്തെമ്പാടുമുള്ള വിവരങ്ങള്‍ ആഗോള തലത്തില്‍ ലഭ്യമാക്കുകയും പ്രയോജകരമാക്കുകയും ചെയ്യും വിധത്തില്‍ ക്രമീകരിക്കുക എന്ന അടിസ്ഥാന ലക്ഷ്യം മാറ്റമില്ലാതെ തുടരുന്നുവെന്ന് ഗൂഗിള്‍ പറയുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും ഗൂഗിള്‍ നന്ദിയറിയിക്കുകയും ചെയ്തു.

Top