ഇന്റര്‍നെറ്റില്‍ തിരയാന്‍ ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സെര്‍ച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ബുധനാഴ്ച രണ്ട് പുതിയ സൗകര്യങ്ങള്‍ ഗൂഗിള്‍ ആഗോള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. അതിലൊന്നാണ് ‘സര്‍ക്കിള്‍ ടു സെര്‍ച്ച്’. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം ഗൂഗിള്‍ ലെന്‍സ് സെര്‍ച്ചിന്റെ മറ്റൊരു പതിപ്പാണ്.

ആന്‍ഡ്രോയിഡ് സ്‌ക്രീനില്‍ കാണുന്ന എന്തും സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്. അതിനായി ഒരു ആപ്പില്‍ നിന്ന് മറ്റൊരു ആപ്പിലേക്ക് പോവേണ്ടതില്ല. ഉദാഹരണത്തിന് സ്‌ക്രീനില്‍ കാണുന്ന വസ്തുവിനെ കുറിച്ചറിയാന്‍ അതിന് മേല്‍ വിരല്‍ കൊണ്ട് ഒരു വൃത്തം വരയ്ക്കുകയോ, ഹൈലൈറ്റ് ചെയ്യുകയോ, ടാപ്പ് ചെയ്യുകയോ ചെയ്താല്‍ മതി. അവയുടെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ തിരയാനാവും.

ഒരു ഇന്‍ഫ്ളുവന്‍സര്‍ ഒരു ഉല്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കാണുന്നു എന്നിരിക്കട്ടെ. ആ വീഡിയോ പോസ് ചെയ്ത് ഫോണിലെ ഹോം ബട്ടണ്‍ ലോങ് പ്രസ് ചെയ്യുക. ഇതുവഴി സര്‍ക്കിള്‍ ടു സെര്‍ച്ച് ആക്ടിവേറ്റാവും. വീഡിയോയില്‍ നിങ്ങള്‍ക്ക് ഏത് വസ്തുവിനെ കുറിച്ചാണോ അറിയേണ്ടത് അതിനെ ചുറ്റി ഒരു വൃത്തം വരയ്ക്കുക. ആ ഉല്പന്നത്തിന് സമാനമായ ഓപ്ഷനുകള്‍ തിരഞ്ഞുകണ്ടുപിടിക്കാനാവും.

എഐ പിന്തുണയോടെയുള്ള അപ്ഗ്രേഡുകളിലൂടെയും ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ചുള്ള മള്‍ട്ടി സെര്‍ച്ചുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് വെബ്ബില്‍ കൂടുതല്‍ വ്യക്തമായി കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന് ഗൂഗിള്‍ പറയുന്നു. പിക്സല്‍ 8, പിക്സല്‍ 8 പ്രോ, പുതിയ സാംസങ് ഗാലക്സി എസ് എസ്24 സീരീസ് തുടങ്ങി തിരഞ്ഞെടുത്ത പ്രീമിയം ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.

Top