ഗൂഗിൾ ഇന്ത്യ 453 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്

വിവിധ വകുപ്പുകളിൽ നിന്നുള്ള 453 ജീവനക്കാരെ ഗൂഗിൾ ഇന്ത്യ പിരിച്ചുവിട്ടതായി റിപ്പോർട്ട്. ഗൂഗിൾ ഇന്ത്യയുടെ കൺട്രി ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ഇ-മെയിൽ വഴി വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് നടപടി വിവരം ജീവനക്കാർ അറിയുന്നത്. പല വകുപ്പുകളിലെയും ജീവനക്കാർക്ക് കമ്പനി അവധി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്ക് കഴിഞ്ഞ മാസം 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 453 പേരെ പിരിച്ചുവിട്ടുകൊണ്ടുള്ള പുതിയ നടപടി ഇതിൽ ഉൾപ്പെടുമോ എന്നത് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. പിരിച്ചുവിടൽ ആഗോളതലത്തിൽ എത്ര ജീവനക്കാരെ ബാധിച്ചുവെന്നോ കൂടുതൽ പിരിച്ചുവിടൽ ഉണ്ടാകുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലാണ് ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത്. ഗൂഗിൾ മാത്രമല്ല, 18,000 പേരെ പിരിച്ചുവിടാൻ ആമസോണും പദ്ധതിയിടുന്നുണ്ട്. മെറ്റാ 13,000 ജീവനക്കാരെയും പിരിച്ചുവിട്ടു. ടെക് കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടാൻ ആരംഭിച്ചതോടെ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്.

Top