google for education

ഗൂഗിളെന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ആകാശത്തിനു മുകളിലും താഴെയുമുള്ള എന്തിനെപ്പറ്റിയും തിരഞ്ഞ് അറിയാന്‍ സഹായിക്കുന്ന ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനാണ്. സേര്‍ച്ചിനു പുറമേ ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ മാപ്‌സ് തുടങ്ങി വിവിധ ജനപ്രിയ ടൂളുകളും ഗൂഗിളിന്റേതായിട്ടുണ്ട്.

എന്നാല്‍ ഇവയ്ക്കു പുറമേ ഗൂഗിള്‍ ട്രെന്‍ഡ്‌സ്, ഗൂഗിള്‍ പബ്ലിക് ഡേറ്റാ എക്‌സ്‌പ്ലോറര്‍, ഗൂഗിള്‍ സ്‌കോളര്‍, ഗൂഗിള്‍ ഫ്യൂഷന്‍ ടേബിള്‍സ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രയോജനപ്രദമായ നിരവധി ടൂളുകളുമുണ്ടെന്ന് ഒരുപക്ഷേ പലര്‍ക്കും അറിവുണ്ടാകില്ല. പല മേഖലകളിലായി വ്യാപിച്ചു കിടക്കുന്ന ഇത്തരം ഗൂഗിള്‍ ടൂളുകള്‍ മാധ്യമപ്രവര്‍ത്തനത്തിന് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നു പഠിപ്പിക്കുന്ന ഗൂഗിള്‍ സംരംഭമാണ് ഗൂഗിള്‍ ന്യൂസ് ലാബ്.

ഈ ടൂളുകളിലുള്ള പരിശീലനവും സാങ്കേതിക സഹായവും പ്രഫഷണല്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കുകയാണ് ഗൂഗിള്‍ ന്യൂസ് ലാബിന്റെ പണി. ലോകത്തിന്റെ വിവിധ കോണുകളിലെ ജേണലിസം പഠന സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഗൂഗിള്‍ ന്യൂസ് ലാബ് ആരംഭിച്ച ഗൂഗിള്‍ ന്യൂസ് ലാബ് യൂണിവേഴ്‌സിറ്റി നെറ്റ്വര്‍ക്ക് ആണ് ടെക് പഠനലോകത്തെ പുതിയ സംസാര വിഷയം.

അമേരിക്ക, യൂറോപ്പ്, ഹോങ്കോങ്, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള 48 മാധ്യമപഠന സര്‍വകലാശാലകളും സ്ഥാപങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ ന്യൂസ് ലാബ് യൂണിവേഴ്‌സിറ്റി നെറ്റ്വര്‍ക്കിലുള്ളത്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ കീഴിലുള്ള ന്യൂഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, പൂണെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട്, മുംബൈ സെന്റ് സേവ്യേഴ്‌സ് എന്നിവയാണ് സര്‍വകലാശാലാ ശൃംഖലയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങള്‍.

ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ സര്‍വകലാശാലകള്‍ക്ക് ഗൂഗിളിനെ ബന്ധപ്പെട്ട് സൗജന്യമായി ഈ ശൃംഖലയുടെ ഭാഗമാകാമെന്നും ഗൂഗിള്‍ ന്യൂസ് ലാബ് യൂണിവേഴ്‌സിറ്റി നെറ്റ്വര്‍ക്ക് പ്രഖ്യാപിച്ചു കൊണ്ട് ഗൂഗിള്‍ ന്യൂസ് ലാബ് ട്രെയിനിങ് & ഡവലപ്‌മെന്റ് മാനേജര്‍ നിക്കോളാസ് വിറ്റാക്കര്‍ അറിയിച്ചു.

ഡേറ്റാ ജേണലിസം, അന്വേഷണാത്മക റിപ്പോര്‍ട്ടിങ്, മള്‍ട്ടിമീഡിയ സ്റ്റോറി ടെല്ലിങ്, മൊബൈല്‍ വായനയ്ക്ക് അനുയോജ്യമായ വാര്‍ത്തയെഴുത്ത്, ഗൂഗിള്‍ ടൂള്‍ അടിസ്ഥാന തത്വങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള പരിശീലനവും ഓണ്‍ലൈന്‍ പഠന സാമഗ്രികളുമാണ് ഗൂഗിള്‍ ന്യൂസ് ലാബ് മാധ്യമവിദ്യാര്‍ഥികള്‍ക്കും പ്രഫസര്‍മാര്‍ക്കുമായി നല്‍കുന്നത്

Top