ഗൂഗിള്‍ മേധാവിയുടെ ഒഴിവുണ്ടെന്ന് പരസ്യം; എന്നാല്‍ സത്യാവസ്ഥ ഇതാണ്

ഗൂഗിളിന്റെ തലവനാകുക എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. ഇതിനായി ശ്രമിക്കാത്ത ടെക്കികള്‍ ഉണ്ടാകില്ല. അതിനിടയിലാണ് ഗൂഗിള്‍ തലവന്റെ പോസ്റ്റിലേക്ക് പുതിയ നിയമനം നടത്താന്‍ പോകുന്നുവെന്നു പറഞ്ഞ് ജോലി ഒഴിവുകള്‍ അറിയിക്കുന്ന ലിങ്ക്ട്ഇന്നില്‍ പരസ്യം വന്നത്. ഇതിന് ലക്ഷക്കണക്കിന് ടെക്കികളാണ് അപേക്ഷ അയച്ചത്. എന്നാല്‍ പരസ്യം വ്യാജമാണെന്നാണ് പുതിയ കണ്ടെത്തല്‍.

നെതര്‍ലന്‍ഡ്സില്‍ നിന്നും നിയമനങ്ങള്‍ നടത്തുന്ന ഏജന്‍സികളില്‍ ഒന്നിന്റെ മേധാവിയായ മൈകെല്‍ റിജിന്‍ഡേഴ്സ് ആണ് പിച്ചൈയ്ക്കു പകരക്കാരനെ തേടിയുള്ള പരസ്യം ലിങ്ക്ട്ഇന്നില്‍ പ്രസിദ്ധീകരിച്ചത്. അത് ലിങ്ക്ട്ഇന്നില്‍ വന്ന ഒരു സുരക്ഷാ പാളിച്ച മുതലെടുത്തു നടത്തിയ വ്യാജ പോസ്റ്റായിരുന്നു. ഗൂഗിളിന്റെ മാത്രമല്ല, ലിങ്ക്ട്ഇന്നിന്റെ മേധാവിയുടെ സ്ഥാനം ഓഴിവുണ്ടെന്നു കാണിച്ചും മൈകെല്‍ പരസ്യമിട്ടിരുന്നു.

മൈകെല്‍ പതിച്ച പരസ്യം ലിങ്ക്ട്ഇന്‍ ഉപയോക്താക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. എന്നാല്‍, തങ്ങളുടെ വെബ്സൈറ്റിന്റെ സുരക്ഷാ പാളിച്ച വിളിച്ചു പറയുന്ന പരസ്യമിട്ട മൈകെലിന് നന്ദിപറയുകയാണ് ലിങ്ക്ട്ഇന്‍ ചെയ്തത്. തങ്ങള്‍ ആ പോസ്റ്റ് നിക്കം ചെയ്തുവെന്നും കമ്പനി പറഞ്ഞു. ജോലി അന്വേഷകര്‍ ഗൗരവത്തിലെടുക്കുന്ന വെബ്‌സൈറ്റാണ് തങ്ങളുടേതെന്നും അവര്‍ പറഞ്ഞു. ഈ പരസ്യങ്ങള്‍ ലിങ്ക്ട്ഇന്നിന്റെ ജോബ് സേര്‍ച്ചിലും പ്രത്യക്ഷപ്പെട്ടുവെന്നും അതിന് ആരുടെയും അപ്രൂവല്‍ വേണ്ടിവന്നില്ലെന്ന കാര്യവും അവര്‍ പറഞ്ഞു. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് വ്യാജവാര്‍ത്തകളെ പരമാവധി ഒഴിവാക്കി നിര്‍ത്തുമെന്നും കമ്പനി പറഞ്ഞു.

Top