ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവിയ്ക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ

, Mahasweta Devi

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായിരുന്ന മഹാശ്വേതാ ദേവിയ്ക്ക് ആദരവുമായി ഗൂഗിൾ ഡൂഡിൽ. മഹാശ്വേതാ ദേവിയുടെ 92-മാത് ജന്മദിനമാണ് ഗൂഗിൾ ആചരിക്കുന്നത്.

ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള, ഹിന്ദു ബ്രാഹ്മണ കുടുംബത്തിൽ 1926ലാണ് മഹാശ്വേതാ ദേവിയുടെ ജനനം. പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ് . മഹാശ്വേതയുടെ അമ്മ, ധരിത്രി ഘടക്കും അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു.

സ്കൂൾ വിദ്യഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി വിഭജനത്തെ തുടർന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയും,ശാന്തിനികേതനിലെ വിശ്വഭാരതി സർ‌വ്വകലാശാലയിൽ ഉന്നത പഠനത്തിനായി ചേരുകയും ചെയ്തു. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും,ശേഷം കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടി.

പത്മശ്രീ,മാഗ്സസെ പുരസ്കാരം , കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.മഹാശ്വേതാദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. അവയിലേറെയും ആദിവാസികൾ അനുഭവിയ്ക്കേണ്ടി വന്ന ക്രൂരമായ അടിച്ചമർത്തലുകൾ, ജാതിപരമായ ഉച്ചനീചത്വങ്ങൾ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവയെ വരച്ചു കാട്ടുന്നുവയാണ്. ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികളുടെ ക്ഷമത്തിനായി പൊരുതുന്ന സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു മഹാശ്വേതാ ദേവി.

1956ൽ രചിച്ച ‘ഝാൻസി റാണി’ എന്ന കൃതിയാണ് ആദ്യത്തെ രചന. ഹജാർ ചുരാഷിർ മാ , ആരണ്യേർ അധികാർ, അഗ്നി ഗർഭ , ഛോട്ടി മുണ്ട ഏവം ഥാർ ഥീർ , ബഷി ടുഡു, തിത്തു മിർ ദ്രൌപതി (ചെറുകഥ) , രുധാലി, ബ്യാധ്ഖണ്ടാ, ദി വൈ വൈ ഗേൾ, എന്നിവയാണ് പ്രധാന കൃതികൾ.2016 ജൂലൈ 28ന് മഹാശ്വേതാ ദേവി ഈ ലോകത്തോട് വിട പറഞ്ഞു.

Top