ഗൂഗിളിന്റെ റിവ്യു തുടരുന്നു; ബെവ്‌കോ ആപ്പ് വൈകും

കൊച്ചി: മദ്യവിതരണത്തിനായി ബെവ്‌കോ പുറത്തിറക്കുന്ന വെര്‍ച്വല്‍ ക്യൂ ആപ്പ് ഇതുവരെയും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. ആപ്പിന്റെ ഗൂഗിളിള്‍ റിവ്യു തുടരുന്നതായാണ് സൂചന. എപ്പോള്‍ മുതല്‍ ആപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകുമോയെന്നും വ്യക്തമല്ല. ഇന്ന് രാത്രി എട്ട്മണിയോടെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നാണ് നേരത്തെ വന്ന സൂചന.

സാങ്കേതിക തടസം നേരിട്ട സാഹചര്യത്തില്‍ ബുക്കിങിന് ആദ്യ ദിവസം സമയ നിയന്ത്രണം ഒഴിവാക്കി. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം ബുക്കിംഗ് എന്ന സമയക്രമം ആദ്യദിവസം ബാധകമല്ല. ഇന്ന് രാത്രി ആപ്പ് പ്രവര്‍ത്തനം തുടങ്ങിയാലും ബുക്കിംഗ് സ്വീകരിക്കും. നാളെ രാവിലെ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഫെയര്‍കോഡ് അധികൃതര്‍ വ്യക്തമാക്കി.

നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു. 4,64,000 ടോക്കണ്‍ വരെ ഇന്ന് നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 10 ലക്ഷം എസ്എംഎസ് സര്‍വീസ് പ്രൊവൈഡര്‍ക്കു കിട്ടിയിട്ടുണ്ട്. ആപ്പ് പ്ലേ സ്റ്റോറില്‍ വരാത്തതിനാല്‍ എസ്എംഎസ് ബുക്കിങ് ആക്റ്റീവ് ആകില്ല.

എസ്എംഎസ് വഴി ബുക്ക് ചെയ്തവര്‍ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും ഫെയര്‍ കോഡ് ടെക്‌നോളജീസ് അറിയിച്ചു. ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിര്‍മ്മാതാക്കളായ ഫെയര്‍ കോഡ് ടെക്‌നോളജീസിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയത്.

Top