ഇനി മുതല്‍ കൂടുതല്‍ സുരക്ഷ; ‘വണ്‍ ടൈം’ പെര്‍മിഷന്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം

‘വണ്‍ ടൈം’ പെര്‍മിഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ ക്രോം. ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് ‘അലോ’ കൂടാതെ ‘വണ്‍ ടൈം’ എന്നൊരു ഓപ്ഷന്‍ കൂടി കാണിക്കും. ഈ ഓപ്ഷന്‍ വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിവൈസില്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സൈറ്റുകള്‍ സംബന്ധിച്ച് കൂടുതല്‍ നിയന്ത്രണം വരുത്താനാകുമെന്ന് ക്രോം അറിയിച്ചു.

ഇപ്പോള്‍ ഒരു വെബ്സൈറ്റ് നിങ്ങളുടെ ലൊക്കേഷന്‍, ക്യാമറ അല്ലെങ്കില്‍ മൈക്രോഫോണ്‍ പോലുള്ള ഫീച്ചറുകളിലേക്ക് ആക്സസ് അഭ്യര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ എല്ലായ്പ്പോഴും ആക്സസ് അനുവദിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും ബ്ലോക്ക് ചെയ്യുകയോ ചെയ്യേണ്ടതുണ്ട്. പുതിയ വണ്‍ ടൈം ഫീച്ചര്‍ ഇനി മുതല്‍ മൂന്നാമത് ഒരു ഓപ്ഷനായി ഇക്കൂട്ടത്തിലുണ്ടാകും. ഇതനുസരിച്ച് ബ്രൗസിങ്ങിന് താല്ക്കാലിക അനുമതി നല്‍കാനാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍, ആപ്പ് പെര്‍മിഷന്‍ നല്‍കുന്നതിനു സമാനമായാണ് ക്രോമിലെ പെര്‍മിഷന്‍ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

മറ്റ് ക്രോം അധിഷ്ഠിത ബ്രൗസറുകളിലും സമാന ഫീച്ചര്‍ ഭാവിയില്‍ ഉണ്ടായേക്കാം. ക്യാമറ, മൈക്രോഫോണ്‍, ലൊക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഹിഡനായി ഉപയോഗിക്കുന്ന ആപ്പുകളെ, കണ്ടെത്തുകയും ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്ന ഫീച്ചറുകള്‍ അടുത്തിടെ ആന്‍ഡ്രോയിഡ് തങ്ങളുടെ പുതിയ പതിപ്പുകളില്‍ കൊണ്ടുവന്നിരുന്നു. പുതിയ വണ്‍ ടൈം പെര്‍മിഷന്‍ ഫീച്ചര്‍ മറ്റൊരു സുരക്ഷ ഫീച്ചറായാണ് അവതരിപ്പിക്കുന്നത്. വണ്‍ ടൈം പെര്‍മിഷന്‍ ഫീച്ചര്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഫീച്ചര്‍ ഇതുവരെ പൂര്‍ണ്ണമായും ആക്ടീവായിട്ടില്ല. ഫീച്ചര്‍ ആക്ടീവാക്കാന്‍ കാനറിയിലെ chrome://flags/#one-time-permission എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതിയാകും.

Top