ബംഗാളി കവയത്രി കാമിനി റോയിയുടെ 155-ാം ജന്മദിനത്തില്‍ ആദരം അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍

ബംഗാളി കവയത്രി കാമിനി റോയിയുടെ 155-ാം ജന്മദിനത്തില്‍ ആദരം അര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡിള്‍. കവയത്രി എന്നതിലുപരി സ്ത്രീപക്ഷവാദി, സാമൂഹികപ്രവര്‍ത്തക ഓണേഴ്സ് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്നി നിലകളില്‍ പ്രശ്തയായ കാമിനി റോയിയുടെ ജനനം 1864 ഒക്ടോബര്‍ 12ന് ബംഗാളിലെ ബകേര്‍കുഞ്ജിലാണ്.

പിതാവ് ചാന്ദി ചരണ്‍ സെന്‍ ഒരു ന്യായാധിപനും എഴുത്തുകാരനും ബ്രഹ്മസമാജം പ്രവര്‍ത്തകനുമായിരുന്നു. അച്ഛന്റെ പുസ്തകശേഖരമാണ് വായനയിലേക്ക് കാമിനിയെ ആകര്‍ഷിച്ചത്.എട്ടാമത്തെ വയസ്സില്‍ തന്നെ കവിതാരചന ആരംഭിച്ച കാമിനിയുടെ ആദ്യ കവിതാസമാഹാരം ‘ആലോ ഓ ഛായാ’ ഹേമചന്ദ്ര ബാനര്‍ജി എഴുതിയ അവതാരികയോടെ 1889-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

കാമിനി റോയിയുടെ കവിതകളില്‍ രവീന്ദ്രനാഥ ടാഗോറിന്റെ സ്വാധീനമുണ്ടായിരുന്നു. ബംഗാളി ലിറ്റററി കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്, ബംഗിയ സാഹിത്യ പരിഷദിന്റെ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കല്‍ക്കട്ട യൂണിവേഴ്സിറ്റി ഇവരെ ജഗത്തരിണി സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.വിദ്യാഭ്യാസ കാലഘട്ടത്തിലാണ് സ്ത്രീപക്ഷവാദത്തിലേക്ക് കാമിനി ആകൃഷ്ടയാകുന്നത്. അതിന് കാരണമായത് സുഹൃത്ത് അബാല ബോസും. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിധവകളുടെ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു അബാല. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അബാലയുടെ പോരാട്ടങ്ങളില്‍ ആകൃഷ്ടയായ കാമിനി പതിയെ സ്ത്രീ അവകാശങ്ങള്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങി.

1921ല്‍ സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ‘ബംഗിയ നാരി സമാജ്’ എന്ന സംഘടനയുടെ നേതൃനിരയില്‍ സജീവമായിരുന്നു. 1922-1923 കാലഘട്ടത്തില്‍ ‘ഫീമെയ്ല്‍ ലേബര്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷനില്‍’ അംഗമായിരുന്നു. 1933 സെപ്റ്റംബര്‍ 27-ന് കാമിനി റോയി അന്തരിച്ചു

മഹാശ്വേതാ, പുണ്ഡോരിക്, പൗരാണികി, ദീപ് ഓ ധൂപ്, ജീബൊണ്‍ പഥേ, നിര്‍മ്മല്യ, മല്യ ഓ നിര്‍മ്മല്യ, അശോക് സംഗീത്, ധര്‍മ്മപുത്ര (വിവര്‍ത്തനം) തുടങ്ങിയവ കാമിനിയുടെ പ്രശസ്ത രചനകളാണ്. കൂടാതെ കുട്ടികള്‍ക്കായി രചിച്ച ‘ഗുഞ്ജന്‍’, ‘ബാലികാ ശിഖര്‍ ആദര്‍ശ’ എന്ന ഉപന്യാസസമാഹാരവും ശ്രദ്ധേയമായ കൃതികളാണ്.

Top