ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ പദ്ധതി അതീവ രഹസ്യം; കത്ത്‌ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

google

സാന്‍ഫ്രാന്‍സിസ്‌കോ: ചൈനയില്‍ സെന്‍സര്‍ ചെയ്ത സെര്‍ച്ച് എഞ്ചിനുകള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കെ, സെന്‍സിറ്റീവ് രേഖകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കത്ത് നീക്കം ചെയ്യാന്‍ ആവശ്യം.

ഡ്രാഗണ്‍ ഫ്‌ളൈ എന്ന ചൈനീസ് പദ്ധതിയെക്കുറിച്ച് അറിവില്ലാത്ത ഗൂഗിളിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ കമ്പനി മെമോ എല്ലാവരും നീക്കം ചെയ്യണമെന്നാണ് ഇപ്പോള്‍ എച്ച് ആര്‍ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു കത്തിലെ വിശദീകരണം. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച കത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയില്‍ ആവിഷ്‌ക്കരിക്കുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ വഴി അധികൃതര്‍ക്ക് ഉപഭോക്താക്കളുടെ സ്ഥലവും അവര്‍ പങ്കുവയ്ക്കുന്ന വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. മനുഷ്യാവകാശം, വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടങ്ങിയ വാക്കുകള്‍ ചൈന ഇന്റര്‍നെറ്റില്‍ തിരഞ്ഞു നോക്കിയാല്‍ വിവരങ്ങള്‍ ലഭ്യമാകില്ല. ഉപഭോക്താക്കളുടെ വിവരങ്ങള്‍, എന്തൊക്കെയാണ് അവര്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ ശേഖരിച്ചു വയ്ക്കാനും അവ കൈമാറാനും സാധിക്കുന്ന തരത്തിലാണ് പുതിയ സെര്‍ച്ച് എഞ്ചിന്‍. എന്നാല്‍ ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

ചൈനയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിനുള്ളത് വളരെ തുറന്ന സമീപനമാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞിരുന്നു. ഗൂഗിളിന്റെ ടീം ഇപ്പോള്‍ പര്യവേക്ഷണ ഘട്ടത്തിലാണ്. കൂടുതല്‍ സാധ്യതകളെ കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്ന് പരാതിപ്പെട്ട് 2010ല്‍ ഗൂഗിള്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള ചൈനയിലെ പ്രവര്‍ത്തനം ഒഴിവാക്കുന്നത് ലാഭകരമല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് കമ്പനി ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പുതിയ സെര്‍ച്ച് എന്‍ജിന്‍ ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top