ഡാറ്റക്ക് വേണ്ടി ആപ്പിളിനെതിരെ കൈ കോർത്ത് ഫെയ്‌സ്ബുക്കും ഗൂഗിളും

പയോക്താക്കളുടെ ബ്രൗസിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങള്‍ ഗൂഗിളിന്റെയും ഫെയ്സ്ബുക്കന്റെയും കൈകളിലെത്താതിരിക്കാന്‍ ആപ്പിള്‍ പല പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായിരിക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആപ്പിളിന്റെ ബ്രൗസറായ സഫാരിയില്‍ കുക്കികള്‍ ബ്ലോക്ക് ചെയ്തിട്ട് ബ്രൗസ് ചെയ്യുന്നവരെ വരെ തിരിച്ചറിയാനുള്ള ശേഷിയാണ് ഇരു കമ്പനികള്‍ക്കുമുള്ളത് എന്നാണ് പുതിയ ആരോപണം. ഇതിനായി ഫെയ്സ്ബുക്കും ഗൂഗിളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സഫാരിയില്‍ കുക്കികള്‍ ഡിസേബിള്‍ ചെയ്ത് ബ്രൗസ് ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ഫെയ്സ്ബുക്കിന്റെ ശേഷി വര്‍ധിപ്പിക്കാനായി ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു, ഇതുവഴി ആപ്പിളിന്റെ പ്രതിരോധങ്ങളെ തകര്‍ത്തു എന്നുമാണ് ആരോപണം.

ഇരു കമ്പനികളുടെയും സോഫ്റ്റ്വെയര്‍ ഡവലപ്മെന്റ് കിറ്റ്സ് ഒരുമിപ്പിച്ചാണ് ഐഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഫെയ്സ്ബുക്കിന് ചോര്‍ത്തി നില്‍കിവന്നതെന്നാണ് പുതിയ ആരോപണം. ഇതുവഴി ഫെയ്സ്ബുക്കിന് യൂസര്‍ ഐഡി കുക്കിമാച്ചിങ് നടത്താന്‍ സാധിച്ചു. കൂടാതെ ഇരുകമ്പനികളും പല രാജ്യങ്ങളിലുമുള്ള പ്രസാധകരുടെ താത്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീക്കാന്‍ സഹകരിച്ചു എന്നുമാണ് ആപ്പിള്‍ ഇന്‍സൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

ലോക പരസ്യ മേഖലയെ അടക്കിവാഴാനുള്ള ഇരുകമ്പനികളുടെയും ശ്രമമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഗൂഗിളിനെതിരെ അറ്റോര്‍ണീസ് ജനറല്‍ അമേരിക്കയില്‍ ഫയല്‍ ചെയ്ത കേസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആപ്പിള്‍ തങ്ങളുടെ സഫാരിയില്‍ 2018ലാണ് ഇന്റലിജന്റ് ട്രാക്കിങ് പ്രൊട്ടക്ഷന്‍ 2.0 കൊണ്ടുവരുന്നത്. ഇതിനെയാണ് ഇരു കമ്പനികളും ചേര്‍ന്ന് തകര്‍ത്തതെന്നാണ് ഒക്ടോബര്‍ 22ന് പരിഷ്‌കരിച്ചു സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

 

Top