ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

ആലുവ: ആലുവയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനു പിന്നാലെ 5 ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്നും തെന്നിമാറി. ഇതോടെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

ഇന്നലെ രാത്രി 10.20ഓടെയാണ് സംഭവം. ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ മൂന്നാം ലൈനിലേക്ക് മാറുന്നതിനിടയിലാണ് പാളം തെറ്റിയത്. ബോഗികളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ആര്‍ക്കും പരിക്കില്ല. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കില്‍ നിന്ന് ഗുഡ്‌സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്. റെയില്‍വെ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി ബോഗികള്‍ വേര്‍പെടുത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മൂന്ന് മണിക്കൂറോളമാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചത്.

അപകടത്തെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി (16341), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305), കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326), നിലമ്പുര്‍- കോട്ടയം എക്‌സ്പ്രസ്സ്(16325), ഗുരുവായൂര്‍ -എറണാകുളം എക്‌സ്‌പ്രെസ്(06439)

രണ്ട് ട്രെയിനുകള്‍ ഭാഗീകമായി റദ്ദാക്കി. പുനലൂര്‍ നിന്ന് ഇന്നലെ പുറപ്പെട്ട ഗുരുവായൂര്‍ എക്‌സ്പ്രസ്(16328) തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ പ്രതിദിന എക്‌സ്പ്രസ്(16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്‌സ്‌പ്രെസ് മൂന്ന് മണിക്കൂര്‍ വൈകി 8.15ന് പുറപ്പെടും.

 

 

 

 

Top