Goods and services tax

ഉല്‍പന്ന, സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയിലേക്കു മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്കു കേന്ദ്രം പൂര്‍ണമായി നികത്തുമെന്ന് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയില്‍ ധാരണ.

നഷ്ടം നികത്തല്‍ വ്യവസ്ഥ ഭരണഘടനാ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തും.ജിഎസ്ടിയുടെ സമീപനം സംബന്ധിച്ചു പ്രധാനമായി രണ്ടു കാര്യങ്ങള്‍ യോഗം അംഗീകരിച്ചു. സാധാരണക്കാരുടെ നികുതി ഭാരം പരമാവധി കുറയ്ക്കും. സംസ്ഥാനങ്ങളുടെ നികുതി വരുമാന ഭദ്രത ഉറപ്പാക്കും.നികുതി നിരക്ക്, നികുതി ഘടന തുടങ്ങിയവയുടെ വിശദാംശങ്ങള്‍ അടുത്ത യോഗത്തില്‍ പരിഗണിക്കും.

ഭരണഘടനാ ഭേദഗതി പാസാക്കിയ ശേഷം അടുത്ത യോഗം ചേരാമെന്നാണ് ഇപ്പോഴത്തെ ധാരണ. പരമാവധി നികുതി 18% എന്നു ഭരണഘടനാ ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍, നികുതി 20 – 22 ശതമാനം വരെയാകണമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രം പരമാവധി 11% നികുതി മതിയെന്ന നിലപാടാണ് മുന്നോട്ടുവച്ചത്.

നിരക്ക് ഇരുപതു ശതമാനത്തില്‍ കൂടുതലാവുമെന്നാണ് ഇന്നലത്തെ യോഗത്തില്‍നിന്നുള്ള സൂചന. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 50% വീതം എന്ന തോതില്‍ നികുതി വരുമാനം പങ്കുവയ്ക്കണമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍, സംസ്ഥാനത്തിനു കൂടുതല്‍ വിഹിതം വേണമെന്നാണ് കേരളവും മറ്റും ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു പിന്നീടു തീരുമാനിക്കും.

മൂല്യ വര്‍ധിത നികുതിയായ വാറ്റ്, എക്‌സൈസ് തീരുവ എന്നിവ ചേര്‍ത്താല്‍ ഫലത്തില്‍ ഇപ്പോള്‍ 35% വരെ നികുതി ഈടാക്കുന്നുണ്ടെന്നും അതിനെ കുത്തനെ താഴ്ത്തുന്നതു ദോഷകരമാകുമെന്നും ഡോ. തോമസ് ഐസക്ക് യോഗത്തില്‍ വ്യക്തമാക്കി.എന്നാല്‍, അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ അവശ്യ വസ്തുക്കളുടെ നികുതി 10 ശതമാനത്തില്‍ താഴെയായിരിക്കണമെന്ന നിര്‍ദേശവും ഡോ. തോമസ് ഐസക്ക് മുന്നോട്ടുവച്ചു.ഇതിനോടു മറ്റു മന്ത്രിമാരും യോജിച്ചു, കേന്ദ്രം എതിര്‍ത്തില്ല.

വാര്‍ഷിക വരുമാനം 1.5 കോടി രൂപയില്‍ താഴെയുള്ള കച്ചവടക്കാരുടെ നികുതി പരിശോധനയും തങ്ങള്‍ നടത്തുമെന്ന കേന്ദ്ര നിലപാടിനെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തു. സംസ്ഥാനാന്തര ജിഎസ്ടിയുടെ വിഹിതം ഉല്‍പന്നം വാങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് ആദ്യം നല്‍കണമെന്ന നിര്‍ദേശത്തിന് എതിര്‍പ്പുണ്ടായില്ല.

എന്നാല്‍, അത്തരമൊരു സാഹചര്യത്തില്‍ ഉല്‍പാദന സംസ്ഥാനത്തിന് 1% നികുതി പ്രത്യേകമായി ലഭ്യമാക്കണമെന്ന തമിഴ്‌നാടിന്റെയും ഗുജറാത്തിന്റെയും മറ്റും മുന്‍ നിര്‍ദേശം ഇന്നലത്തെ യോഗത്തില്‍ ഉന്നയിക്കപ്പെട്ടതുമില്ല.

സ്വര്‍ണത്തിന് നാലു ശതമാനം നികുതിയെന്ന ധാരണയില്‍ മാറ്റമില്ല.സംസ്ഥാനത്തിനു ചുമത്താവുന്ന നികുതിക്കു കൃത്യമായ നിരക്കു നിര്‍ദേശിക്കാതെ, കുറഞ്ഞ നിരക്ക്, കൂടിയ നിരക്ക് എന്നിങ്ങനെ വ്യക്തമാക്കണമെന്ന് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാനത്തില്‍ കുറവുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. ഇതിനോടു കേന്ദ്രം വിയോജിച്ചില്ല.

Top