ഗുഡ്‌ബൈ ടു എംഐയുഐ ആന്‍ഡ് വെല്‍ക്കം ഹൈപ്പര്‍ ഒഎസ്; മാറ്റങ്ങളുമായ് ഷവോമി

ദില്ലി: ഷവോമിയുടെ ഫോണുകള്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന കസ്റ്റം ഒഎസിനോട് വൈകാതെ കമ്പനി ഗുഡ്‌ബൈ പറയും. കഴിഞ്ഞ 13 വര്‍ഷമായി ഷവോമിയുടെ ഫോണുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് ആന്‍ഡ്രോയിഡ് അധിഷ്ടിതമായ എംഐയുഐ (MIUI) എന്ന കസ്റ്റം ഒഎസിലാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 14 പുറത്തിറക്കിയത്. ഷാവോമി 13 പ്രോയിലാണ് ആദ്യമായി പുതിയ ഒഎസ് അവതരിപ്പിച്ചത്. പുതിയ ഒഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയ ഒഎസിനോട് ഗുഡ്‌ബൈ പറയാന്‍ ഷവോമി തയ്യാറെടുക്കുന്നത്.

പുതിയ ഒഎസിന്റെ പേര് അല്ലാതെ മറ്റൊരു വിവരവും പുറത്തുവിട്ടിട്ടില്ല. ഹൈപ്പര്‍ ഒഎസ് (Hyper OS) എന്നാണ് പുതിയ ഒഎസിന്റെ പേര്. ഷാവോമി സിഇഒ ലെയ് ജുന്‍ ആണ് പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കുന്ന വിവരം സമൂഹമാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ചത്. ഷാവോമി 14 ല്‍ പുതിയ ഒഎസ് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമണ്.

വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത്. സമൂഹമാധ്യമമായ വെയ്ബോയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ലേ ജുന്‍ ഇതെക്കുറിച്ച് പറയുന്നത്. ഹൈപ്പര്‍ ഒഎസ് കേവലം സ്മാര്‍ട്ഫോണുകള്‍ക്ക് വേണ്ടി മാത്രമുള്ള ഒസ് ആയിരിക്കില്ല എന്നും പറയുന്നുണ്ട്. ഷാവോമിയുടെ മറ്റ് ഉപകരണങ്ങളിലും ഹൈപ്പര്‍ ഒഎസിന്റെ സാന്നിധ്യമുണ്ടാവും.പഴയ ഒഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സപ്പോര്‍ട്ട് തുടരും എന്നാണ് ഷവോമി അറിയിക്കുന്നത്.

ഷവോമി പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുമെന്ന സൂചനയുമുണ്ട്. എന്നാല്‍ തീയതി പുറത്തുവിട്ടിട്ടില്ല. ഒക്ടോബര്‍ 24 ന് സ്നാപ്ഡ്രാഗണ്‍ 8ജെന്‍ 3 പ്രൊസസര്‍ അവതരിപ്പിച്ചു കഴിഞ്ഞതിന് ശേഷമായിരിക്കും പുതിയ ഫോണുകള്‍ പുറത്തിറക്കുക എന്നാണ് സൂചന. നവംബര്‍ 11 ന് മുമ്പ് ഫോണ്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാവോമി 14, 14 പ്രോ സ്മാര്‍ട്ഫോണുകള്‍ക്ക് യഥാക്രമം 6.4 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തിലുള്ളതായിരിക്കും. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 യെക്കാള്‍ കൂടുതല്‍ ഫീച്ചറുകളോടെയാവും ഫോണ്‍ എത്തുക എന്നും സൂചനയുണ്ട്.

Top